‘ശ്രീരാമ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നി, വനവാസത്തിന് ശ്രീരാമനൊപ്പം ലക്ഷ്മണൻ പോയതുപോലെ എറണാകുളം ഡിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിന് കൂട്ടാം’; കെ യു ജനീഷ് കുമാർ
ശ്രീരാമചന്ദ്രന്റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് എംഎൽഎ കെ യു ജനീഷ് കുമാർ. പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി വി ഡി സതീശൻ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയതായിരുന്നു കോന്നി എംഎൽഎ.
ജില്ലയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന പ്രതിപക്ഷ നേതാവിന്റെ അവകാശവാദം വെറും സ്വപ്നം മാത്രമാണെന്നും, തോൽവിക്ക് പിന്നാലെ സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നും ജനീഷ് കുമാർ ഫേസ്ബുക്കിലൂടെ പരിഹസിച്ചു. ശ്രീരാമചന്ദ്രന്റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും എംഎൽഎ കുറിച്ചു.
ശ്രീരാമനൊപ്പം ലക്ഷ്മണൻ പോയതുപോലെ, കൂട്ടിന് എറണാകുളം ഡിസിസി പ്രസിഡന്റിനെയും അങ്ങേയ്ക്ക് ഒപ്പം കൂട്ടാവുന്നതാണ്. മെയ് നാലോടെ യുഡിഎഫിന്റെ അവകാശവാദങ്ങൾ പൊളിയുമെന്നും അന്ന് അങ്ങേയ്ക്ക് വനവാസത്തിന് വരാമെന്നും ജനീഷ് കുമാർ പരിഹസിച്ചു. പത്തനംതിട്ട ജില്ലയിൽ അഞ്ച് സീറ്റും യുഡിഎഫ് നേടുമെന്നത് സതീശന്റെ നുണകളിൽ ഏറ്റവും വലിയ നുണയാണ്. മെയ് 4 വരെ സമാധാനമായി ഉറങ്ങാൻ വേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ യു ജനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചത്
വനവാസത്തിനായി ബഹു.പ്രതിപക്ഷ നേതാവിന് കോന്നിയിലേക്ക് സ്വാഗതം.
പത്തനംതിട്ട ജില്ലയിലെ എല്ലാ സീറ്റും തൂത്തുവാരും എന്ന ആഗ്രഹം വെറും സ്വപ്നമാണെന്ന് മെയ് 4 തെളിയിക്കും.
ഇനി അങ്ങ് വനവാസത്തിന് പോകുന്ന കാര്യം
ശ്രീരാമചന്ദ്രൻ്റെ വനവാസകാലത്തെ നിരവധി അവശേഷിപ്പുകളുള്ള നാടാണ് കോന്നി. വനവാസത്തിനുള്ള സൗകര്യങ്ങളെല്ലാം തന്നെ ഇവിടെയുണ്ട്.
ശ്രീരാമനൊപ്പം സഹോദരനായ ലക്ഷ്മണനും വനവാസത്തിനായി പോയതിനാൽ എറണാകുളം ഡി.സി.സി പ്രസിഡൻ്റിനേയും ഒപ്പം കൂട്ടാവുന്നതാണ്.
അങ്ങയുടെ നുണകളിലെ ഏറ്റവും വലിയ നുണയാണല്ലോ പത്തനംതിട്ട ജില്ലയിൽ 5 സീറ്റ് യു.ഡി.എഫ് നേടും എന്നു പറഞ്ഞത്.
മെയ് 4 വരെ വനവാസം ഒഴിവാകും എന്നു കരുതി സുഖമായി ഉറങ്ങാനാണ് അങ്ങ് അത് പറഞ്ഞതെന്ന് എനിക്കറിയാം. ആറന്മുളയായിരിക്കും ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിക്കുക.
അവിടെ തോൽക്കുന്ന ആൾ കൂടെ വരാം എന്നു പറയുമെങ്കിലും കൂട്ടരുത്. ഹരിപ്പാടു നിന്നുള്ള പാര കയ്യിൽ കരുതിയിട്ടുണ്ടാകും.
ജില്ലയിലെ 5 സീറ്റ് എൽ.ഡി.എഫ് വിജയിച്ച് നിലനിർത്തുകയും, അങ്ങ് വനവാസത്തിനായി കോന്നിയിലേക്ക് വരികയും ചെയ്യുമ്പോൾ
രാമനോടുള്ള പിന്തുണയും, പ്രതിബദ്ധതയും പ്രകടിപ്പിച്ചുകൊണ്ട് ദുഃഖിതരായ അയോധ്യയിലെ ജനതയെപ്പോലെ കേരളം ദു:ഖിക്കില്ല.
കാരണം കേരളം അപ്പോഴും അങ്ങയോടു ചോദിക്കും.
ഫണ്ടെവിടെ….
വീടെവിടെ……
