Uncategorized

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഡിജിപിക്ക് പരാതി നല്‍കാന്‍ കുടുംബം

Spread the love

 

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഡിജിപിക്ക് പരാതി നല്‍കാന്‍ കുടുംബം. മകനെ തള്ളിയിട്ടു കൊന്നതെന്നാണ് കുടുംബത്തിന്റെ പരാതി. കോളജ് അധികൃതര്‍ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നെന്ന് നിതിന്‍ രാജിന്റെ സഹോദരിയും ,സഹോദരി ഭര്‍ത്താവും ആരോപിച്ചു. (Nitin Raj’s death; Family to file complaint with DGP)

 

ഗുരുതരമായ ജാതി അധിക്ഷേപം ഉണ്ടായെന്ന് നിതിന്റെ സഹോദരി നിഖിത പറഞ്ഞു. തെരുവ് പട്ടി എന്ന് വിളിച്ചു. എഴുത്തും വായനയും അറിയില്ലെന്ന് അധിക്ഷേപിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നാണ് നിതിന്‍ താഴേക്ക് വീണത്. അവിടെ പോവേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പലര്‍ക്കും പലതരത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട് – നിഖിത പറഞ്ഞു.കോളേജ് അധികൃതര്‍ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നുവെന്ന് മൂത്ത സഹോദരിയുടെ ഭര്‍ത്താവ് അശോക് കുമാര്‍ പറഞ്ഞു. കോളജ് അധികൃതര്‍ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ട്. നിതിന്‍ സന്തോഷവാനായിരുന്നു. ക്ലാസ് മുറിയില്‍ നിന്ന് തെരുവ് പട്ടിയെന്ന് വിളിച്ച് എച്ച്ഒഡി അധിക്ഷേപിച്ചു. നിതിന്‍ സഹോദരിയോട് വിവരങ്ങള്‍ പറഞ്ഞിരുന്നു. വീട്ടിലേക്ക് വരുമെന്ന് പറഞ്ഞയാളാണ്. ജീവനൊടുക്കേണ്ട സാഹചര്യമില്ല. പ്ലസ് ടു കഴിഞ്ഞ് ഒറ്റയ്ക്ക് പഠിച്ച് സീറ്റ് നേടിയ കുട്ടിയാണ്. ആദ്യം മുതലേ റാഗിങ്ങിന് ഇരയായി. അതികൃതര്‍ റാഗ് ചെയ്തതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. ക്ലാസ് മുറിയില്‍വെച്ചായിരുന്നു അധിക്ഷേപം. വിഷയത്തില്‍ ഡോ റാമിനെ ഭയന്ന് മാറ്റ് വിദ്യാര്‍ഥികള്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല. സമാന പ്രശ്‌നത്തില്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല – അശോക് കുമാര്‍ വിശദമാക്കി.

 

നിതിന്റെ മൃതദേഹം തിരുവനന്തപുരം പുതുക്കുളങ്ങരയിലെ വീട്ടില്‍ എത്തിച്ചു. അതിനിടെ നിതിന്‍ രാജ് ആത്മഹത്യ ചെയ്തത് അധ്യാപകരില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെ തുടര്‍ന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നു. വീട്ടുകാരെ കളിയാക്കുകയും, കൈയും കാലും വെട്ടുമെന്ന് അധ്യാപകരില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് സന്ദേശം.