ചാമ്പ്യന്‍സ് ലീഗില്‍ ലോകം കാത്തിരിക്കുന്ന പോരാട്ടങ്ങള്‍; ബാഴ്‌സയും ലിവര്‍പൂളും അത്‌ലറ്റികോ മാഡ്രിഡും പിഎസ്ജിയും കളത്തില്‍
ചാമ്പ്യന്‍സ് ലീഗിലെ രണ്ട് വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് ഫുട്‌ബോള്‍ ലോകം സാക്ഷിയാകും. ബുധനാഴ്ച രാത്രി 12.30-ന് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ സ്വന്തം തട്ടകമായ കാമ്പ് ന്യൂവില്‍ ബാഴ്‌സലോണ മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡിനെ നേരിടുമ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ നിലവിലെ ചാമ്പ്യന്‍മാരായ പി.എസ്.ജിയുമായി ഏറ്റുമുട്ടും. ലിവര്‍പുളിന്റെ സ്റ്റേഡിയമായ ആന്‍ഫീല്‍ഡിലാണ് മത്സരം. ലാലിഗയില്‍ കൊമ്പുകോര്‍ത്തതിന് പിന്നാലെയാണ് ബാഴ്സയും അത്‌ലറ്റിക്കോയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. ഈ മത്സരത്തില്‍ ബാഴ്‌സ 2-1 ന് വിജയിച്ചിരുന്നുവെങ്കിലും മാര്‍ക്കസ് റാഷ്‌ഫോഡിനെയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെയും അത്‌ലറ്റിക്കോക്ക് ഇന്ന് പിടിച്ചുകെട്ടാനായാല്‍ ഫലം പ്രവചനാതീതമാകും. ജയം ആവര്‍ത്തിക്കാന്‍ ബാഴ്സയും പകരം വീട്ടാന്‍ അത്‌ലറ്റിക്കോയും ഇറങ്ങുമ്പോള്‍ മത്സരം പൊടിപാറുമെന്നുറപ്പ്. ബാഴ്‌സ നിരയില്‍ പരിക്കിന്റെ ആശങ്കയുണ്ട്. പരിക്കുമൂലം റഫിഞ്ഞയും ഫ്രാങ്ക് ഡി ജോങും ഇന്നത്തെ മത്സരത്തിലുണ്ടായിരിക്കില്ല. അത്‌ലറ്റിക്കോയുടെ നിരയിലുമുണ്ട് പ്രശ്‌നങ്ങള്‍ പാബ്ലോ ബാനിയോസ് പരിക്കേറ്റതിനാല്‍ കളത്തിലെത്തിലെന്നാണ് വിവരം. കഴിഞ്ഞ മത്സരം വെച്ച് ബാഴ്‌സക്കാണ് ഭൂരിഭാഗം പേരും മുന്‍തൂക്കം നല്‍കുന്നതെങ്കിലും ജൂലിയന്‍ അല്‍വാരസ്, അന്റോയിന്‍ ഗ്രീസ്മന്‍. അഡെമോള ലുക്ക്മാന്‍ എന്നിവരിലാണ് അത്‌ലറ്റിക്കോയുടെ പ്രതീക്ഷ.
കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷ വെക്കുന്ന പി.എസ്.ജി.യുടെ വലിയ കടമ്പയാണ് ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെതിരായ മത്സരം. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ വീഴ്ത്താനായാല്‍ പി.എസ്.ജി.ക്ക് ഫൈനല്‍ പ്രവേശം എളുപ്പമാകും. അതേ സമയം എഫ്എ കപ്പില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്നേറ്റ കനത്ത തോല്‍വിയുടെ ആഘാതത്തിലാണ് ലിവര്‍പൂളിന്റെ വരവ്. മുഹമ്മദ് സല, ഹ്യൂഗോ എകിറ്റിക്കെ, ഫ്‌ലോറിയന്‍ വിര്‍ട്‌സ് എന്നിവര്‍ കളിക്കുന്ന ലിവര്‍പൂളിന്റെ മുന്നേറ്റനിര ഫോമിലേക്കുയര്‍ന്നാല്‍ മത്സരം അനുകൂലമാക്കാമെന്ന് ലിവര്‍പൂള്‍ കണക്കുകൂട്ടല്‍.
