ബിവൈഡിയെ മറികടന്ന് ടെസ്ലയുടെ തിരിച്ചുവരവ്; ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായി കുതിപ്പ്
ഒരിടവേളയ്ക്ക് ശേഷം ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം നേടി ഇലോൺ മസ്കിന്റെ ടെസ്ല. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായി മാറിയാണ് വിപണിയിലെ കുതിപ്പ്. 2026 ന്റെ ആദ്യ പാദത്തിൽ ചൈനയുടെ ബിവൈഡിയെ മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹന നിർമ്മാതാക്കളെന്ന സ്ഥാനം ടെസ്ല തിരിച്ചുപിടിച്ചു.
ജനുവരി മുതൽ മാർച്ച് വരെ ആഗോളതലത്തിൽ 358,023 ഇവികൾ വിറ്റഴിച്ചാണ് ടെസ്ലയുടെ തിരിച്ചുവരവ്. ബിവൈഡിയുടെ വിൽപ്പന 3,10,389 യൂണിറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. 2025 ലെ ആദ്യ പാദത്തെ അപേക്ഷിച്ച് ടെസ്ലയുടെ വിൽപ്പന 6.3 ശതമാനം വർദ്ധിച്ചു. അതിൽ 95 ശതമാനവും മോഡൽ 3, മോഡൽ Y എന്നീ എൻട്രി ലെവൽ മോഡലുകളാണ്.
2025-ൽ, 2,256,714 കാറുകൾ വിറ്റഴിച്ചുകൊണ്ട് BYD മുന്നിലെത്തിയിരുന്നു. ചൈനീസ് ഓട്ടോ ഭീമന് ഏകദേശം 28 ശതമാനം വാർഷിക വർധനവാണ് നേടിയത്. 2024-ൽ, ടെസ്ല 1,789,226 കാറുകൾ വിതരണം ചെയ്തു, അതേസമയം BYD 1,764,992 യൂണിറ്റുകൾ വിറ്റഴിച്ചു.ചൈനയിലെ ഇലക്ട്രിക് വാഹനനയത്തിൽ വരുത്തിയ മാറ്റമാണ് ബിവൈഡിക്ക് ഉണ്ടായ തിരിച്ചടിയുടെ പ്രധാന കാരണം. ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് നൽകിയിരുന്ന സബ്സിഡി നിർത്തിയതാണ് ചൈനീസ് വിപണിയിൽ ബിവൈഡിയ്ക്ക് തിരിച്ചടിയായത്.
