തൃശൂരിലെ കിറ്റ് വിവാദം; ‘അടിസ്ഥാന രഹിതമായ പച്ചനുണ; തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ കഥ’; ദേവന്
തൃശൂരില്‍ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി നേതാവും നടനുമായ ദേവന്. കിറ്റ് വിതരണം ഉണ്ടായിട്ടില്ലെന്നും കിറ്റ് വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന ഒരു പ്രസ്ഥാനമല്ല ബിജെപിയെന്നും ദേവന് പറഞ്ഞു. സിസിടിവിയില്‍ സത്യമല്ലേ വരുകയുള്ളു. ഞാന്‍ ഒന്നും കണ്ടിട്ടില്ല. അവരുടെ വീട്ടില്‍ ചായയും കുടിച്ചിരിക്കുമ്പോഴാണ് ബഹളം കേട്ടത്. കിറ്റ് വിതരണം ചെയ്തു എന്നത് നൂറ് ശതമാനം അടിസ്ഥാനമില്ലാത്ത ഒരു പച്ച നുണയാണ് – ദേവന് പറഞ്ഞു. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥയെന്നും അദ്ദേഹം പ്രതികരിച്ചു. (Thrissur kit controversy)
അതേസമയം, ദേവനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയാണിപ്പോള്‍. സിപിഐഎം പ്രവര്‍ത്തകരും സമാന ആവശ്യം ഉന്നയിച്ച് മുദ്രാവാക്യം മുഴക്കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ പ്രതിരോധവുമുയര്‍ത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നു.കിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ആരോപണം. പ്രവര്‍ത്തകര്‍ ഇരുവിഭാഗങ്ങളായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിച്ചു.
നടന് ദേവന് ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. കട ഉടമയെ കാണാന്‍ എത്തിയതെന്നാണ് ബിജെപി നേതാക്കളുടെ വാദം. ബിജെപി പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങള്‍ പൊലിസ് പരിശോധിച്ചു. പ്രശ്നങ്ങള്‍ക്കിടയില്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നും ദേവന് പുറത്തേക്ക് വന്നു. ബഗീഷ് പൂരാടനൊപ്പമാണ് ദേവന് ഗോഡൗണിനെ മുകളിലെ മുറിയില്‍ നിന്ന് പുറത്തേക്ക് വന്നത്. അദ്ദേഹം പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ചു.
കിറ്റ് വിതരണം ചെയ്തുവെന്ന പരാതില്‍ ചാമ്പ്യന്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാമ്പ്യന്‍ ട്രേഡേഴ്സ് ഉടമ പ്രവീണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത ബിജെപി പ്രവര്‍ത്തകനും കസ്റ്റഡിയിലാണ്. വാടാനപ്പള്ളി സ്വദേശി സുധീസാണ് കസ്റ്റഡിയിലുള്ളത്. പ്രദേശത്ത് കേന്ദ്രസേന എത്തി.
