‘വയനാട് ഫണ്ട് പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ
തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ മുന്നേറ്റം നടത്തും, മൂന്നാം ടേം ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മണ്ഡലം കമ്മിറ്റി യോഗങ്ങളിലെ വിലയിരുത്തലിൽ നിന്ന് മനസ്സിലാകുന്നത് ഇതാണ്. യുഡിഎഫിന് വേണ്ടി നടത്തിയ സർവേ പോലും എൽഡിഎഫിന് അനുകൂലമായി വന്നു.നവകേരളം സൃഷ്‌ടിക്കാനുള്ള നിർദേശങ്ങളടങ്ങിയതാണ് എൽഡിഎഫ് പ്രകടന പത്രിക. പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാകുമെന്നതാണ് എൽ ഡി എഫ് ഗ്യാരണ്ടി.
വയനാട് ഫണ്ട് പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്ത് പറയു എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ജോയിന്റ് അക്കൗണ്ടിൽ ഉണ്ടെന്നാണ് പറയുന്നത്. എങ്കിൽ പിന്നെ പത്രികയിൽ പറയണ്ടേ. മൃതദേഹം ഉപയോഗിച്ചു പണം പിരിച്ചിട്ട്, അതെവിടെ ആണ് ഉള്ളതെന്ന് പറയുന്നില്ല. ഇന്നലെ പറയുന്നത് മൂന്ന് കോടിയുടെ സ്ഥലം വാങ്ങിയെന്ന് പിന്നെ പറഞ്ഞു അഞ്ച് കോടിയെന്നു. രേഖകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് രണ്ട് കോടിയുടെ സ്ഥലം ആണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് നിർമാണമെന്ന കെ സി വേണുഗോപാലിന്റെത് വ്യാജ ആരോപണം. ഒരു തെളിവുമില്ലാതെ അടിച്ചു വിടുന്നത്. പറയുന്നത് എന്തും വാർത്ത ആകുമെന്ന് കരുതി പറയുന്നതാവും. ശുദ്ധ അസംബന്ധം ആണ്. ടി കെ ഗോവിന്ദൻ തനി അസംബന്ധം ആണ് പറയുന്നത്. എന്നെ തളിപ്പറമ്പിലെ ഒരാളെ മാത്രമായി കാണണ്ട. അയാൾ പിന്തിരിപ്പന്മാർക്ക് ഒപ്പമാണ്. മകന്റെ പേര് പറഞ്ഞു ആരോപണം ഉന്നയിക്കട്ടെ അപ്പോൾ അതിന് മറുപടി പറയാം. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിന് പറയണമെന്നും അദ്ദേഹം ചോദിച്ചു.
ജമാ അത്തെ ഇസ്ലാമി യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ വോട്ട് വേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ. വർഗീയ പാർട്ടികളെ സംബന്ധിച്ച് സിപിഐഎമ്മിന് കൃത്യമായ നിലപാട് ഉണ്ട്. എസ്ഡിപിഐ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. മനസിൽ കണക്ക് കൂട്ടി ചോദ്യം ചോദിച്ചാൽ മറുപടി ഇല്ല. അവര് നിലപാട് എന്തെന്ന് പറഞ്ഞാൽ സിപിഐഎം നിലപാട് വ്യക്തമാക്കാം. എസ് ഡിപിഐയുടെ വോട്ട് വേണ്ട എന്ന് എന്തിനാണ് പറയുന്നത്. എസ്ഡിപിഐ വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന്. അത് വിശകലനം ചെയ്യേണ്ട വിഷയം എന്ന് അദ്ദേഹം മറുപടി നൽകി.
