Monday, March 30, 2026
Latest:
Uncategorized

ഇറാഖ് ജനതയ്ക്കും മതനേതൃത്വത്തിനും നന്ദിയറിയിച്ച് മുജ്തബ ഖമയനി; മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ആവര്‍ത്തിച്ച് ട്രംപ്

Spread the love

 

ഇറാഖിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമയനി. അധികാരമേറ്റതിനുശേഷം മുജ്തബ എവിടെയാണെന്നതിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എഴുതി തയ്യാറാക്കിയ സന്ദേശം പുറത്തുവിട്ടത്. (Mojtaba Khamenei Expressing gratitude to the Iraqi people)മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ഇറാനില്‍ ‘ഭരണമാറ്റം’ സംഭവിച്ചുവെന്നും ട്രംപിന്റെ അവകാശവാദം. ദി ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ ആയത്തുള്ള അലി ഖമയനി കൊല്ലപ്പെട്ടു. മുജ്തബ കൊല്ലപ്പെട്ടിരിക്കാം. അല്ലെങ്കില്‍ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റിരിക്കാം – ട്രംപ് പറയുന്നു.ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താന്‍ മുഖേന യുഎസ് നല്‍കിയ 15 നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും ഇറാന്‍ അംഗീകരിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ എണ്ണ ‘പിടിച്ചെടുക്കാന്‍’ തനിക്ക് കഴിയുമെന്നും ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ന്റിന്റെ നിയന്ത്രണം എറ്റെടുക്കാന്‍ സാധിക്കുമെന്നും ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.

 

അതേസമയം, ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തയാറെടുക്കുന്നതായാണ് സൂചന. കൂടുതല്‍ സൈനികര്‍ പശ്ചിമേഷ്യന്‍ തീരത്തേക്ക്. ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാനാണ് നീക്കം. എന്നാല്‍, സൈനിക ദൗത്യത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇറാന്‍ മണ്ണില്‍ നേരിട്ട് പ്രവേശിച്ച് നടത്തേണ്ട ഈ ദൗത്യം ഏറെ സങ്കീര്‍ണ്ണവും അപകടസാധ്യതയുള്ളതുമാണ്. നീണ്ടുനില്‍ക്കാവുന്ന ഈ ദൗത്യം അമേരിക്കന്‍ സൈനികരുടെ ജീവന് വലിയ ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് കരുതുന്നുവെന്നാണ് വിവരം.