Uncategorized

ചുട്ടുപഴുത്ത് കേരളം: വേനലിൽ വാടാതെ നോക്കാം, എന്തെല്ലാം ശ്രദ്ധിക്കണം

Spread the love

 

വേനൽചൂട് മലയാളികളെ വരട്ടിയെടുക്കുകയാണ്. കേരളം മുഴുവനും വറ ചട്ടിയിൽ കഴിയുന്ന പ്രതീതിയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ കണ്ടുവരുന്നത്‌. കാലം തെറ്റി വരുന്ന മഴയും മഞ്ഞും കാറ്റുമെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ആഗോളതാപനമടക്കം നിരവധി കാരണങ്ങൾ ചൂണ്ടികാണിക്കാമെങ്കിലും ഈ കൊടുംചൂടിനെ നമ്മൾ പ്രതിരോധിച്ചല്ലേ മതിയാവൂ. സൂര്യാഘാതം പോലുള്ള അവസ്ഥകൾക്കൊപ്പം മൂത്രച്ചുടിച്ചിൽ, അണുബാധകൾ, നേത്രരോഗങ്ങൾ, നിർജലീകരണം മൂലം അമിതമായ ക്ഷീണം അനുഭവപ്പെടുക, ഉറക്കക്കുറവ് എന്നിങ്ങനെ അനവധി പ്രശ്നങ്ങൾ ഈ കാലഘട്ടത്തിൽ ഉടലെടുക്കാറുണ്ട്. നിലവിൽ വ്യത്യസ്തങ്ങളായ രോഗവസ്ഥകൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർക്കും അസാധാരണമായ തളർച്ച ഈ കാലഘട്ടത്തിൽ പതിവാണ്.

 

നന്നായി വെള്ളം കുടിക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപെടുത്തുക, ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം ശീലമാക്കുക എന്നിവയാണ് ഈ കാലഘട്ടത്തിൽ ചൂടിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്. കാലാനുസൃതമായി ലഭിക്കുന്ന പഴവർഗങ്ങൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൊത്തമല്ലി, ചിറ്റമൃത്, നറുനീണ്ടി തുടങ്ങിയ ഔഷധങ്ങൾ ഗുണം ചെയ്യും. ധാരാളം നാരുകൾ അടങ്ങിയ ആഹാരം ഉദാഹരണത്തിന് വാഴപ്പിണ്ടി, വാഴക്കൂമ്പ്, ചേമ്പിൻതാള്, നെല്ലിക്ക, വെള്ളരിക്ക, കുമ്പളങ്ങ, പപ്പായ തുടങ്ങിയവയെല്ലാം കഴിക്കാവുന്നതാണ്. നാരകത്തിന്റെ ഇലയും ചുവന്നുള്ളിയും കറിവേപ്പിലയും ചതച്ചിട്ട സംഭാരം വേനലിൽ ഒന്നാംതരം പാനീയമാണ്.

 

മൺപാത്രങ്ങളിൽ സൂക്ഷിക്കുന്ന തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവയും കുടിക്കാം. ഇവയെല്ലാം പൊതുവായി പാലിക്കാവുന്ന നിർദേശങ്ങൾ ആണെന്നിരിക്കിലും ജീവിതശൈലീരോഗങ്ങളോ സ്ഥിരം മരുന്നുകൾ കഴിക്കേണ്ടതായ മറ്റു അസുഖങ്ങളോ ഉണ്ടെങ്കിൽ യഥാസമയം പരിശോധനകൾ നടത്തിയ ശേഷം മാത്രം അംഗീകൃത ചികിത്സകരുടെ സഹായത്തോടെ ഉപയോഗിക്കാവുന്ന ഔഷധങ്ങൾ നിർണയിക്കുകയാണ് വേണ്ടത്. കോട്ടൺ തുണിത്തരങ്ങൾ ആണ് ഈ കാലാവസ്ഥക്ക് യോജിക്കുക. ഇളംനിറങ്ങളിൽ ഉള്ളവയും അയവുള്ളവയും ആണ് വേനൽകാലത്തു ധരിക്കേണ്ടത്.

 

പുറത്തെ കൊടുംചൂടിൽനിന്നും പെട്ടെന്ന് അകത്തേക്ക് കയറിയ ഉടനെ എയർകണ്ടിഷനർ ഓൺ ചെയ്യുന്നത്, ഫ്രിഡ്ജിൽ വച്ച വെള്ളം കുടിക്കുകയോ, മുഖമോ കൈകാലുകളോ കഴുകുന്നത് എന്നിവ ശരീരത്തിൽ വലിയ താപനില വ്യതിയാനം ഉണ്ടാക്കും.അകത്തേക്ക് കയറി അല്പസമയം വിശ്രമിച്ച ശേഷം മാത്രമേ മേൽപറഞ്ഞ കാര്യങ്ങൾ ചെയ്യാവൂ. അപ്പോഴേക്കും ശരീരത്തിന്റെ താപനിലയിൽ ചെറിയ വ്യത്യാസം വന്നുകൊള്ളും.. വേനൽച്ചൂടേറുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന വിഷയം വ്യായാമത്തെ സംബന്ധിക്കുന്നതാണ്. ബോഡി ബിൽഡിങ്ങിന്റെയും മറ്റും ഭാഗമായി അമിതമായി വ്യായാമം ചെയ്യുന്നതും ഒപ്പം അമിതമായ ശാരീരിക അധ്വാനവുമെല്ലാം വേനലിനു യോജിച്ച രീതിയിൽ പുനക്രമീകരിക്കേണ്ടതാണ്. ശരീരബലം നന്നേ കുറയുന്ന കാലം ആയതിനാൽ ആണ് കഠിനമായ വ്യായാമമുറകൾ അനുയോജ്യം അല്ലെന്ന് പറയുന്നത്.

ഒരു കാലാവസ്ഥയിൽ നിന്നും അടുത്തതിലേക്ക് മാറുമ്പോൾ രോഗസാധ്യതകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഇത്തരത്തിൽ രോഗ പ്രതിരോധത്തിനായുള്ള മരുന്നുകൾ ഒരു ആയുർവേദചികിത്സകന്റെ നിർദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.