Uncategorized

കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന പ്രചാരണം; വട്ടിയൂര്‍ക്കാവില്‍ പോര്

Spread the love

 

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് പണം കൊടുത്ത് ആളെ കൂട്ടുന്നുവെന്ന ആരോപണത്തില്‍ പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി. പണം നല്‍കി ആളെ കൂട്ടേണ്ട ഗതികേട് വന്നിട്ടില്ലെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു.

 

അങ്ങനെയൊരു ഗതികേട് ഞങ്ങള്‍ക്ക് വന്നിട്ടില്ല. അത് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ഉറപ്പായ സിപിഐഎം അവസാനം ഇറക്കിയ ആയുധമാണ്. ഇത്രയും ചീപ്പായിട്ടുള്ള കളി കളിക്കരുത്. രണ്ട് തവണ വട്ടിയൂര്‍ക്കാവില്‍ ഞാന്‍ ജയിച്ചത് കൂലിക്ക് ആളെ കൂട്ടിയിട്ടല്ല. സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായിട്ടുള്ള ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഒരു കുടിലതന്ത്രമാണിത്. യുഡിഎഫിനെ താറടിച്ച് കാണിക്കുന്നതിനുള്ള ഗൂഢാലോചനയാണിത്. അത് നടപ്പില്ല. പരാതി കൊടുത്തിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്നും, എന്നിട്ട് ആരോപണം തന്റെ നേര്‍ക്ക് ഉന്നയിക്കുന്നുവെന്നുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന്റെ മറുപടി. അദ്ദേഹം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഓരോ ദിവസവും ഓരോ ന്യായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തേക്ക് ബിജെപിയാണ് വരുന്നത്. യുഡിഎഫിന്റെ പ്രവര്‍ത്തകരെ കാണാനില്ല. സ്വാഭാവികമായിട്ടും പുറത്ത് നിന്നുള്ള ആളുകളാണ് ഇദ്ദേഹത്തോടൊപ്പം സഞ്ചരിക്കുന്നവരടക്കം. എന്നിട്ട് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയുടെ നേര്‍ക്ക് ആരോപണം ഉന്നയിക്കുന്നു. അദ്ദേഹത്തെ പോലൊരാള്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. സ്ഥാനാര്‍ഥിയെ വ്യക്തിപരമായി ആക്രമിക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

അതേസമയം, പരസ്യവുമായി ബന്ധപ്പെട്ട് കെ മുരളീധരന്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പൊലീസ് കേസെടുത്തു. തിരുവന്തപുരം സിറ്റി സൈബര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ വാര്‍ത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചതായും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.