Uncategorized

എസ്ഡിപിഐ ബന്ധമെന്ന ആരോപണം: ‘ കനഗോലു ക്യാപ്‌സ്യൂള്‍; സിപിഐഎം വര്‍ഗീയ ശക്തികളോട് ചര്‍ച്ച നടത്താറില്ല’; എം എ ബേബി

Spread the love

 

എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാതെ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബി. സിപിഐഎം വര്‍ഗീയ ശക്തികളോട് ചര്‍ച്ച നടത്താറില്ലെന്നും എംഎ ബേബി പറഞ്ഞു.ഇപ്പോള്‍ കെപിസിസിയും യുഡിഎഫും അവരുടെ രാഷ്ട്രീയ പ്രചാരണവാദങ്ങളും ആഖ്യാനങ്ങളും അവര്‍ കൂടിയിരുന്ന് ആലോചിച്ചിട്ടല്ല. അതിന് കരാര്‍ കൊടുത്തിരിക്കുകയാണ്. എങ്ങനെയാണ്, ഏത് തരത്തില്‍ പറഞ്ഞാലാണ് ആശയക്കുഴപ്പമുണ്ടാക്കാന്‍ പറ്റുക, തുടങ്ങിയ ഉപദേശങ്ങള്‍ കനഗോലുവിനെ പോലുള്ളവര്‍ കൊടുക്കുകയാണ്. ഈ സംഘടനകളൊന്നുമായി ചര്‍ച്ച നടത്തി സഹായം സ്വീകരിക്കുന്ന ഒരു സമീപനം സിപിഐഎമ്മിനും എല്‍ഡിഎഫിനുമില്ല. അവര്‍ക്ക് അവരുടേതായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ എന്തെങ്കിലും തീരുമാനമെടുക്കുമോ എന്നത് അവരുടെ കാര്യമാണ് – എംഎ ബേബി പറഞ്ഞു.

 

സിപിഐഎം – എസ്ഡിപിഐ ബന്ധമെന്ന ആരോപണം കോണ്‍ഗ്രസിന്റെ നുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരാരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം. എന്നാല്‍, എസ്ഡിപിഐ വോട്ട് വേണ്ട എന്ന് പറയുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.

 

എല്ലാ വര്‍ഗീയ ശക്തികളോടും എല്‍ഡിഎഫിന് ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് നുണയെ ആശ്രയിക്കുകയാണ്. വസ്തുതകളേയല്ല. എല്ലാ ഘട്ടത്തിലും വര്‍ഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചത് എല്‍ഡിഎഫ് ആണ് എന്നത് എല്ലാവര്‍ക്കും വ്യക്തതയുള്ള കാര്യമാണ്. അങ്ങനെ ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം വേണ്ട്. ഏതാനും വോട്ടിന് വേണ്ടി അവസരവാദ നിലപാട് ഞങ്ങള്‍ സ്വീകരിക്കാറില്ല. എപ്പോഴും തത്വാതിഷ്ഠിത നിലപാടാണ് സ്വീകരിക്കുന്നത് – അദ്ദേഹം പറഞ്ഞു.