കോസ്റ്റ് ഗാർഡിന് ഹെവി ഡ്യൂട്ടി വാഹനം, പുതിയ S- 400 മിസൈലുകൾ; 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതികൾക്ക് അംഗീകാരം
2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതികൾക്ക് അംഗീകാരം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. പുതിയ S- 400 മിസൈലുകൾ ഉൾപ്പെടെയുള്ളവ വാങ്ങാനുള്ള പദ്ധതിയ്ക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്.കരസേനയ്ക്ക് വ്യോമ പ്രതിരോധ നിരീക്ഷണ സംവിധാനം, പീരങ്കി വേദ വെടിയുണ്ടകൾ, പുതിയ റേഡിയോ റിലെ, ധനുഷ് ഗൺ സിസ്റ്റം, വ്യോമ സർവൈലൻസ് സിസ്റ്റം എന്നിവയ്ക്കാണ് അനുമതി നൽകിയത്. കോസ്റ്റ് ഗാർഡിന് ഹെവി ഡ്യൂട്ടി വാഹനങ്ങൾക്കുള്ള അംഗീകാരം നൽകി. അതിവേഗ തീരദേശ പെട്രോളിങ്, നിരീക്ഷണം, രക്ഷാപ്രവർത്തനങ്ങൾ, കപ്പലുകൾക്കുള്ള സഹായം, ലോജിസ്റ്റിക്കൽ സഹായം ഉൾപ്പടെ ശേഷിയുള്ള വാഹനങ്ങൾക്കാണ് അനുമതി നൽകിയത്.പുതിയ S- 400 മിസൈലുകൾക്കും അനുമതി നൽകിയിട്ടുണ്ട്. വ്യോമസേനയ്ക്കാണ് പ്രതിരോധ അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയത്. പുതിയ ചരക്ക് നീക്കത്തിനുള്ള വിമാനങ്ങൾ, SU – 30 വിമാന എൻജിനുകൾക്കും അനുമതി നൽകി. പുതിയ മീഡിയം ട്രാൻസ്പോർട്ട് വിമാനങ്ങൾ ഇല്യൂഷിൻ 76, ആൻ്റണോവ് 32 എന്നീ വിമാനങ്ങൾക്ക് പകരമാകും എത്തുക.
