UDF തിരഞ്ഞെടുപ്പ് കൺവെന്‍ഷനിൽ പങ്കെടുത്ത കെ പി രമണിക്കെതിരെ പാർട്ടി അച്ചടക്ക നടപടി ഉണ്ടായേക്കും
സിപിഐഎം ഏരിയ കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിക്കെതിരെ പാർട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഇന്നലെ ടി കെ ഗോവിന്ദന്റെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമണി പങ്കെടുത്തിരുന്നു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് രമണിയെ മാലയിട്ട് സ്വീകരിച്ചിരുന്നു. ഭർത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഭാര്യ കെ പി രമണി എത്തിയത്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന കെ പി രമണി ഇപ്പോൾ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗമാണ്.ടി കെ ഗോവിന്ദനെ ഒറ്റപ്പെടുത്തുന്നത് കണ്ടാണ് പിന്തുണക്കാനായി താനെത്തിയതെനന്നായിരുന്നു കെ പി രമണി പ്രതികരിച്ചത്. ടി കെ ഗോവിന്ദന്‍ മാഷെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടുണ്ട്. കുടുംബം കൂടെയില്ലെന്ന പ്രചാരണവും വലിയ രീതിയില്‍ നടക്കുന്നു. ഞാന്‍ മാഷെ ചോറാണ് തിന്നുന്നത്, പാര്‍ട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വര്‍ഷമായി ഈ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ മാഷെ ഒറ്റപ്പെടുത്തി. അതെനിക്ക് സഹിക്കാന്‍ പറ്റിയില്ല, കെ പി രമണി പറഞ്ഞു.
തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ എല്‍ഡിഎഫ് സ്ഥാനാർഥിയാക്കിയതില്‍ അതൃപ്തി വ്യക്തമാക്കിയാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയോടെയാണ് ടി കെ ഗോവിന്ദൻ സ്വതന്ത്രനായി മത്സരിക്കുന്നത്.
