Uncategorized

അലുവ അതുൽ കൊലപാതകം: ‘പ്രതികളെ വേഗം പിടികൂടി; കൂടുതൽ അന്വേഷണം ഉണ്ടാകും’; ഹേമലത IPS

Spread the love

 

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. തുടർ അന്വേഷണത്തിൽ പ്രതികളിലേക്ക് എത്രയും വേഗം എത്താൻ കഴിഞ്ഞുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഹേമലത ഐപിഎസ് പറഞ്ഞു. ജില്ലാ ബോർഡറുകളിൽ അന്വേഷണം ശക്തമാക്കിയിരുന്നു. ഒരു മണിക്കൂർ ചെയ്സിങ്ങിലൂടെയാണ് കോട്ടയത്ത് നിന്ന് 4 പേരെ പിടികൂടിയത്. കൃത്യത്തിൽ ഏർപ്പെട്ട 6 പ്രതികൾ ഉൾപ്പെടെ 10 പേർ പിടിയിലായതെന്ന് ഹേമലത ഐപിഎസ് മാധ്യമങ്ങളോട് വ്യക്തമാക്കി.അന്വേഷണം തുടങ്ങിയിട്ടേ ഉള്ളു. കൂടുതൽ അന്വേഷണം ഉണ്ടാകും. പ്രതികൾ കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ചിട്ട് പോയ കാറിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച മാരകായുധങ്ങൾ കണ്ടെടുത്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ അലുവ അതുലിനെ 48 മണിക്കൂറിനകം കൊലപ്പെടുത്താനായിരുന്നു ഗുണ്ടാ സംഘത്തിന്റെ തീരുമാനം. അതുൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങി 17-ാം മിനിറ്റിലാണ് പുതിയകാവ് ജംഗ്ഷനിൽ വെച്ച് ഗുണ്ടാ സംഘം കൃത്യം നടത്തിയത്.കഴിഞ്ഞ വർഷം മാർച്ച്‌ 27 ന് പുലർച്ചെ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ അമ്മയുടെ കണ്മുന്നിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത് അലുവ അതുലും സംഘവുമാണ്. എന്നാൽ സന്തോഷ്‌ വധത്തിന് നിലവിലെ കൊലപാതകവുമായി ഒരു തരത്തിലും ബന്ധമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സന്തോഷ്‌ വധത്തിന് ശേഷം കടത്തൂർ സംഘത്തിലെ അനീറിനെ ആക്രമിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിനാധാരം. പ്രദേശത്ത് ഗുണ്ടാ ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് പൊലീസ്.