ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന കാലമൊക്കെ പോയി, സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കും: വി ഡി സതീശന്‍
വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ച് 24 മണിക്കൂറിനകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന മുന്‍ പ്രസ്താവനയില്‍ ഒരു മാറ്റവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനും തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും ടീം യുഡിഎഫ് തയ്യാറാണ്. താന്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട നേതാക്കളെല്ലാം നാളെ ഡല്‍ഹിയിലെത്തുമെന്നും അവിടെ നിന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അന്തിമ സ്ഥാനാര്‍ഥി പട്ടിക തീരുമാനിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു. (vd satheesan on congress candidate list for assembly election 2026)കേരളത്തിലെ ദുര്‍ഭര്‍ണത്തിന് അന്ത്യം കുറിച്ച് പുതുയുഗപ്പിറവിയുണ്ടാകുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഒരു ഗ്രൂപ്പുമില്ല. ഗ്രൂപ്പിന്റെ പേരിലല്ല സീറ്റ് വീതം വയ്ക്കുന്നതെന്നും ആ കാലം കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയസാധ്യതയാണ് സീറ്റ് വിഭജനമത്തിന് അടിസ്ഥാനം ഗ്രൂപ്പുകളല്ലെന്നും അദ്ദേഹം പറഞ്ഞു. ഘടകക്ഷികളുമായുള്ള ചര്‍ച്ച ഒരു മണിക്കൂറിനുള്ളില്‍ തീര്‍ക്കാനാകുന്നതാണെന്ന് ഞാന്‍ മുമ്പേ പറഞ്ഞതാണ്. ലീഗുമായുള്ള ചര്‍ച്ചകള്‍ അരമണിക്കൂറിനുള്ളില്‍ തന്നെ തീര്‍ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് തിയതിയെക്കുറിച്ചുള്ള അനിശ്ചിതത്വം മാത്രമാണ് മുമ്പിലുണ്ടായിരുന്ന തടസമെന്നും അത് നീങ്ങിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേയായത് പോസിറ്റീവായാണ് കാണുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. കനത്ത ചൂടാണ് വരുന്നത്. കനത്ത ചൂടിലുള്ള പ്രചരണം എല്ലാവര്‍ക്കും ബുദ്ധിമുട്ടാകും. മാത്രമല്ല ജനങ്ങളുടെ പണമെടുത്ത് സര്‍ക്കാരിന്റെ പ്രചരണം നടത്താനുള്ള അവസരം കുറയുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണത്തിനുള്ള സമയം കുറവായിരിക്കും എന്നത് മാത്രമാണ് ഒരു കുറവായി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
