പശ്ചിമേഷ്യയിലെ സംഘര്‍ഷം; അര്‍ജന്റീന- സ്പെയിന് ഫൈനലിസിമ മത്സരം റദ്ദാക്കി
ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം കാണാന്‍ കാത്തിരുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് കടുത്ത നിരാശ. ഈ മാസം 27ന് ഖത്തറില്‍ നടക്കേണ്ടിയിരുന്ന അര്‍ജന്റീന- സ്പെയിന് ഫൈനലിസിമ മത്സരം റദ്ദാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പകരം വേദി കണ്ടെത്തുന്നതില്‍ അര്‍ജന്റീന -സ്പെയിന് ഫെഡറേഷനുകള്‍ക്ക് ധാരണയില്‍ എത്താനായില്ല.കോപ്പ അമേരിക്ക – യൂറോ കപ്പ് ചാമ്പ്യന്മാര് പോരടിക്കുന്ന അള്‍ട്ടിമേറ്റ് ഫൈനല്‍ അഥവ ഫൈനലിസിമ പോരാട്ടം നിശ്ചിച്ചിരുന്നത് 27ന് ഖത്തര്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ്. അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയ ലുസൈലില്‍ ലിയോണല്‍ മെസിയും പിന്‍ഗാമിയെന്ന് വാഴ്ത്തപ്പെടുന്ന ലമീന്‍ യമാലും ആദ്യമായി നേര്‍ക്കുനേരെത്തുവെന്നതായിരുന്നു ഹൈലൈറ്റ്. എന്നാല്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ഖത്തര്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചത് മത്സരനടത്തിപ്പ് പ്രതിസന്ധിയിലാക്കി.
താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മത്സരം യൂറോപ്പില്‍ നടത്താനായിരുന്നു ലാറ്റിനമേരിക്കന്‍ – യൂറോപ്പ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുകളുടെ ആലോചന. യുവേഫയും സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനും മത്സരം മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടത്താമെന്ന ഓഫര്‍ വച്ചെങ്കിലും ഇത് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് തള്ളുകയായിരുന്നു.
