Uncategorized

അനുനയ നീക്കം ശക്തമാക്കി ഹൈക്കമാൻഡ്; കെ സുധാകരൻ തിങ്കളാഴ്ച ഡൽഹിയിലേക്ക്

Spread the love

 

കണ്ണൂർ തന്റെ ഹൃദയരക്തമെന്ന വൈകാരിക ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ കെ സുധാകരനെ ഡൽഹിയ്ക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി സംസാരിച്ചേക്കും. വരുന്ന തിങ്കളാഴ്ച ഡൽഹിയിലേക്ക് മടങ്ങി എത്താനാണ് നേത്യത്വത്തിന്റെ നിർദേശം.

 

 

കണ്ണൂരിൽ തന്നെ സീറ്റ് വേണം എന്ന് ആവശ്യപ്പെടാനാണ് കെ സുധാകരന്റെ നിലപാട്. രാഹുൽഗാന്ധിയുമായി ഇക്കാര്യം നേരിട്ട് സംസാരിക്കുമെന്നും ഹൈക്കമാന്റിനോടും അക്കാര്യം ഉന്നയിച്ചിട്ടുണ്ടെന്നുമാണ് കെ സുധാകരൻ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് സുധാകരൻ.

 

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കെ സുധാകരന് അതൃപ്തിയുണ്ടെന്ന് തോന്നുന്നില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കണ്ണൂരിലേക്ക് പോയാൽ സുധാകരൻ മടങ്ങിവരുമെന്നും പാർട്ടിയെ അതൃപ്‌തി അറിയിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

സുധാകരന് നാട്ടിൽ പോകേണ്ട ആവശ്യം ഉള്ളതിനാലാണ് പോയത്, സുധാകരന് അതൃപ്തി എന്നത് മാധ്യമ സൃഷ്ടിയാണ് എന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. കണ്ണൂർ തൻറെ ഹൃദയ രക്തം എന്നും കണ്ണൂരിലെ കോൺഗ്രസിന്റെ തൻ്റെ മേൽവിലാസവുമാണ് എന്ന് കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.നാട്ടിലെത്തിയതിന് പിന്നാലെ സുധാകരന്റെ വീട്ടിൽ അനുയായികൾ എത്തി. സുധാകരൻ കണ്ണൂരിലെ കരുത്തുറ്റ നേതാവെന്നും എംപിമാർ മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് എന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി.

എം പി സ്ഥാനമൊഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കണമെന്ന സുധാകരന്റെ ആവശ്യം അംഗീകരിച്ചാൽ മത്സര സന്നദ്ധത അറിയിച്ച മറ്റ് എംപിമാരെയും നേതൃത്വത്തിന് പരിഗണിക്കേണ്ടിവരും. സുധാകരന്റെ നീക്കം പാർട്ടിയെ കടുത്ത പ്രതിസന്ധിയിൽ ആക്കുന്നതാണ്.