ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പല്‍ ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടു; കപ്പലിലെ 20 ജീവനക്കാരെ രക്ഷിച്ചു
ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പല്‍ ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടു. കപ്പലിന് തീപിടിച്ചു. കപ്പലിലെ 23 ജീവനക്കാരില്‍ 20 പേരെ ഒമാന്‍ നാവിക സേന രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഇന്ന് ഹോര്‍മൂസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് മാരിടൈം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. (Fire On Thai Cargo Ship Sailing To India After Hormuz Attack)
യുഎഇയിലെ ഒരു തുറമുഖത്തുനിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലാണ് ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ആക്രമിക്കപ്പെട്ടത്. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയറായ മയൂരി നരീ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്നു കപ്പല്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കറ്റതായും ഇന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെയാണ് പരിക്കേറ്റത്. സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ആക്രമണം തുടരുകയാണ്. ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് യുഎഇ ആവശ്യപ്പെട്ടു.
