നിലപാട് വ്യക്തമാക്കാന്‍ ജി സുധാകരന്‍; നിര്‍ണായക വാര്‍ത്താസമ്മേളനം നാളെ
നാളെ 11 മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. പുന്നപ്രയിലെ വീട്ടില്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പാര്‍ട്ടി അംഗത്വം പുതുക്കന്നില്ല എന്ന് ജി സുധാകരന്‍ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ഏഴ് ദിവസമായി. ഈ ദിവസങ്ങളിലൊന്നും അദ്ദേഹം പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ നാളെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മൗനം വെടിയാനാണ് അദ്ദേഹത്തിന്റെ തീരുമാനം.ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ജി സുധാകരനുമായി ചര്‍ച്ച നടത്തി. അമ്പലപ്പുഴ സീറ്റ് ഒഴിച്ചിട്ടുള്ള ചര്‍ച്ചകളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതോടെ ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഐഎം അവസാനിപ്പിച്ചു.
ആറര പതിറ്റാട്ടിന്റെ സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് ജി സുധാകരന്‍ നിര്‍ണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുന്നത്. ജനറല്‍ സെക്രട്ടറി എംഎ ബേബി, കേന്ദ്ര കമ്മറ്റിയംഗം സിഎസ് സുജാത, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ തുടങ്ങി നിരവധി നേതാക്കള്‍ ജി സുധാകരനെ അനുനയത്തിന് സമീപിച്ചു. എന്നാല്‍, നിലപാടില്‍ നിന്ന് ഒരിഞ്ച് പിറകോട്ടില്ല ജി സുധാകരന്‍ വ്യക്തമാക്കി.
അസംതൃപ്തി മുതലെടുത്ത് കെ സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജി സുധാകരനുമായി ബന്ധപ്പെട്ടിരുന്നു. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനമെടുത്താല്‍ പൂര്‍ണ പിന്തുണ വാഗ്ദാനം.അമ്പലപ്പുഴയില്‍ കണ്ണുനട്ടിരുന്ന കോണ്‍ഗ്രസ് നേതാക്കളെ നേതൃത്വം കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. വമ്പന്‍ വിസ്മയത്തിനുള്ള നേതൃനീക്കത്തെ ഉള്‍ക്കൊണ്ട് എ എ ഷുക്കൂര്‍ അടക്കമുള്ളവര്‍ അമ്പലപ്പുഴ കിട്ടിയേ തീരുവെന്ന നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
