Uncategorized

പാര്‍ട്ടി അച്ചടക്കം ലംഘിച്ചു; സി സി മുകുന്ദനെ പുറത്താക്കി സിപിഐ

Spread the love

 

സിപിഐയില്‍ നിന്ന് സിസി മുകുന്ദനെ പുറത്താക്കി. അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നടപടി. നാട്ടിക എംഎല്‍എയും അന്തിക്കാട് മണ്ഡലം കമ്മിറ്റി അംഗവുമാണ് സിസി മുകുന്ദന്‍. കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നുവെന്നാണ് പ്രസ്താവന. ജില്ലാ കൗണ്‍സില്‍ യോഗം ജില്ലാ എക്‌സിക്യുട്ടീവിന്റെ തീരുമാനം അംഗീകരിച്ചു. കടുത്ത വര്‍ഗ വഞ്ചനയാണ് സിസി മുകുന്ദന്‍ കാണിച്ചിരിക്കുന്നത് എന്നാണ് ജില്ലാ എക്‌സിക്യുട്ടീവില്‍ ഉയര്‍ന്ന അഭിപ്രായം. (CPI expels C.C. Mukundan)

നാട്ടികയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് സിസി മുകുന്ദന്‍ ഇന്നും ആവര്‍ത്തിച്ചിരുന്നു. നിലവില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിക്ക് പുറത്ത് നിന്നുള്ള ആരുടേയോ സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടെന്നും മുകുന്ദന്‍ ഇന്ന് തുറന്നടിച്ചു.ഒരു അനുനയ നീക്കത്തിനും ഇനി വഴങ്ങേണ്ടതില്ലെന്നായിരുന്നു സിസി മുകുന്ദന്റെ നിലപാട്. മുകുന്ദനെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന നേതൃത്വം നീക്കം നടത്തുന്നതിനിടെ പ്രാദേശിക കോണ്‍ഗ്രസ് ഘടകം എതിര്‍പ്പുമായി രംഗത്ത് എത്തി. സ്വന്തം പാര്‍ട്ടി മുകുന്ദനെ പോലൊരു പാഴ്‌വസ്തുവിനെ ചുമക്കാന്‍ തയാറല്ലെന്ന നിലപാടുമായി നാട്ടിക താന്ന്യം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി രംഗത്തെത്തി.

മുകുന്ദന്റേത് രാഷ്ട്രീയ പാപ്പരത്തം എന്ന നിലപാട് പ്രഖ്യാപിച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും രംഗത്തുവന്നിരുന്നു.