‘യുദ്ധത്തിൽ റഷ്യ സഹായിക്കുന്നുണ്ട്; സൈനിക സഹകരണം പുതിയ കാര്യമല്ല’; ഇറാൻ വിദേശകാര്യ മന്ത്രി
യുദ്ധത്തിൽ റഷ്യ ഇറാനെ പല രീതിയിലും സഹായിക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. എൻബിസി ന്യൂസിന്റെ അഭിമുഖത്തിലാണ് അബ്ബാസ് അരഗ്ചിയുടെ പരാമർശം. ഇറാനും റഷ്യയും തമ്മിലുള്ള സൈനിക സഹകരണം പുതിയ കാര്യമല്ല. അത് ഒരു രഹസ്യവുമല്ല. റഷ്യ രഹസ്യവിവരങ്ങൾ നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് പല രീതികളിലും സഹായിക്കുന്നുവെന്നായിരുന്നു അരഗ്ചിയുടെ മറുപടി. ആ ബന്ധം മുൻകാലങ്ങളിലുണ്ടായിരുന്നു, ഇപ്പോഴും തുടരുന്നു, ഭാവിയിലും തുടരുമെന്ന് അബ്ബാസ് അരഗ്ചി വ്യക്തമാക്കി.
അതേസമയം പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിദേശ ഇടപെടലുകളെ അബ്ബാസ് അരഗ്ചി തള്ളി. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഇറാന്റെ ആഭ്യന്തരകാര്യമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി പറഞ്ഞു. കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇറാൻ ദേശീയ മാധ്യമമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് മോജ്തബയെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്.എന്നാൽ ഇറാനിലെ പുതിയ പരമോന്നത നേതാവിന് അമേരിക്കയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മധ്യപൂർവേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് സംസാരിച്ചാതായി യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി.
ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക-ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലെബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 400 പേരോളം കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 83 കുട്ടികൾ അടക്കം 394 പേരാണ് കൊല്ലപ്പെട്ടത്.ഇറാന്റെ തുറമുഖ നഗരമായ ബുഷ്ഹെറിൽ നാശനഷ്ടം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
