Friday, March 27, 2026
Latest:
Uncategorized

ബലേന്ദ്ര ഷാ നേപ്പാൾ പ്രധാനമന്ത്രിയാകും; രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വമ്പൻ വിജയത്തിലേക്ക്

Spread the love

 

നേപ്പാളിൽ കാഠ്മണ്ഡു മുൻ മേയറും റാപ്പറുമായ ബലേന്ദ്ര ഷാ നേതൃത്വം നൽകുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വമ്പൻ വിജയത്തിലേക്ക്. ബലേന്ദ്ര ഷാ പ്രധാനമന്ത്രിയാകും. 275 അംഗ സഭയിൽ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന 165 സീറ്റിൽ 110 സീറ്റിലും ആർ എസ് പി മുന്നിൽ. നേപ്പാളി കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യൂണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റും കമ്യൂണിസ്റ്റ് പാർട്ടി മാവോയിസ്റ്റ് സെന്ററും ഇഴയുന്നുവെന്ന് റിപ്പോർട്ടുകൾ.

 

 

ജെൻ സി പ്രക്ഷോഭത്തിനു പിന്നാലെ കെ പി ശർമ്മ ഒലിയുടെ സർക്കാർ നിലംപതിച്ചതിനെ തുടർന്നാണ് നേപ്പാളിൽ പൊതു തിരഞ്ഞെടുപ്പ് നടന്നത്. പാർലമെന്റിലെ ബാക്കി 110 സീറ്റ് തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് വീതിച്ചു നൽകും. നേപ്പാളിലെ യുവാക്കൾക്കിടയിൽ ഒരു ജനപ്രിയ മുഖമായാണ് ബാലേന്ദ്ര ഷാ കണക്കാക്കപ്പെടുന്നത്. തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ മേയറായിരുന്ന ബാലെൻ ഷാ ഒരു റാപ്പറിൽ നിന്നാണ് രാഷ്ട്രീയക്കാരനായുള്ള ജീവിതം ആരംഭിച്ചത്‌. നേപ്പാളിൽ നടന്ന ‘ജെൻ സി’ പ്രക്ഷോഭങ്ങൾക്ക് ബാലെൻ ഷാ പിന്തുണ നൽകിയിരുന്നു.നേപ്പാളി ഹിപ്പ്‌ഹോപ് സമൂഹത്തിൽ ബാലെൻ ഷാ അതോടെ തരംഗമായി. 2022-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയുടെ മേയറായി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതോടെയാണ് ബാലേന്ദ്ര രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളായ നേപ്പാളി കോൺഗ്രസിനെയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യുണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റിനെയും അട്ടിമറിച്ചുകൊണ്ട് വലിയ ഭൂരിപക്ഷത്തിലായിരുന്നു ബാലേൻ ഷായുടെ വിജയം.

 

ഇന്ത്യൻ സിനിമയായ ‘ആദിപുരുഷി’ലെ ചില പരാമർശങ്ങളെ തുടർന്ന് കാഠ്മണ്ഡുവിൽ ഇന്ത്യൻ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിയും മേയറുടെ ഓഫീസിൽ ഗ്രേറ്റർ നേപ്പാൾ എന്ന പേരിൽ ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഭൂപടം വച്ചതും വലിയ വാർത്തയായിരുന്നു.