Uncategorized

തന്ത്രിയെ അനാവശ്യമായി ജയിലിലടച്ചെന്ന് പ്രതിപക്ഷം സഭയില്‍; തന്ത്രിക്ക് എന്ത് പ്രത്യേക അവകാശമാണുള്ളതെന്ന് മന്ത്രി എം ബി രാജേഷിന്റെ മറുപടി

Spread the love

തന്ത്രി കണ്ഠരര് രാജീവരെ അനാവശ്യമായി അറസ്റ്റ് ചെയ്‌തെന്ന പ്രതിപക്ഷ ആരോപണത്തില്‍ നിയമസഭയില്‍ മറുപടിയുമായി മന്ത്രി എം ബി രാജേഷ്. അറസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ തന്ത്രിക്ക് എന്ത് പ്രത്യേക അവകാശമാണുള്ളതെന്ന് എം ബി രാജേഷ് ചോദിച്ചു. തന്ത്രിക്ക് രണ്ട് വക്കീലന്മാരാണ് പുറത്തുള്ളതെന്നും അത് കോണ്‍ഗ്രസും ബിജെപിയുമാണെന്നും എം ബി രാജേഷ് പറഞ്ഞു. സഭയ്ക്കകത്ത് ബിജെപി ഇല്ലാത്തതില്‍ അവര്‍ക്ക് വേണ്ടിയുള്ള തന്ത്രിയുടെ വക്കാലത്ത് കൂടി ഏറ്റെടുത്ത് യുഡിഎഫ് വാദിക്കുകയാണെന്നും എം ബി രാജേഷ് പറഞ്ഞു. (minister mb rajesh on thanthri’s arrest | kerala assembly)സഭയില്‍ ഇന്നും പ്രതിപക്ഷം സ്വര്‍ണക്കൊള്ള കേസ് ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ചപ്പോള്‍ വാജിവാഹന ക്രമക്കേടും സോണിയാ ഗാന്ധിയ്‌ക്കൊപ്പമുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചിത്രവും ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം പ്രതിരോധം തീര്‍ത്തത്. അയ്യപ്പ സംഗമം നടത്തിയതിലൂടെ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ദേവസ്വം ബോര്‍ഡ് നിയോഗിച്ച ഓഡിറ്റര്‍ ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലൂടെ തന്നെ തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അതിനെ അനുകൂലിക്കുന്ന വിധത്തിലുള്ള സംശയാസ്പദമായ നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിച്ചതെന്ന് സഭയില്‍ കെ ബാബു പറഞ്ഞു. ‘ഗവണ്‍മെന്റിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി ഞങ്ങള്‍ സഭാ നടപടികള്‍ നിസഹകരിച്ച് വരികയാണ്. ഇന്നും ഞങ്ങള്‍ സഭാ നടപടികളുമായി സഹകരിക്കില്ല എന്നറിയിക്കുകയാണ് – കെ ബാബു പറഞ്ഞു. ശബരിമല സ്വര്‍ണം വിറ്റ് പുട്ടടിച്ചവര്‍ എല്ലാം പുറത്താണ്. ശബരിമല തന്ത്രിയെ അനാവശ്യമായി ജയിലിലാക്കി. തന്ത്രിയ്ക്കെതിരെ തെളിവിന്റെ കണിക പോലും ഇല്ലെന്നാണ് കോടതി പറഞ്ഞത് ‘- കെ ബാബു പറഞ്ഞു.എന്നാല്‍, അദ്ദേഹത്തിന് പ്രസംഗിക്കാന്‍ ഒരു അവസരം കിട്ടിയതായി കണക്കാക്കിയാല്‍ മതിയെന്ന് മന്ത്രി പി രാജീവ് പരിഹസിച്ചു. അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതിക്ക് എതിരായ പരാമര്‍ശമാണ്. കേസിന്റെ അന്വേഷണത്തിന്‍ പൂര്‍ണമായ മേല്‍നോട്ടം ഹൈക്കോടതിക്കാണ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേത് കുറ്റമറ്റ അന്വേഷണമാണെന്നും ശരിയായ ദിശയിലാണെന്നും ഓപ്പണ്‍ കോര്‍ട്ടിനകത്തുള്ള ഒബ്സര്‍വേഷനിലല്ല, ഒരു ഓര്‍ഡറിനകത്ത് തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ അന്വേഷണത്തെയാണ് അദ്ദേഹം ഒരു കുറ്റവും ചെയ്യാത്ത ആള്‍ എന്നതിലേക്ക് എത്തിയത് – അദ്ദേഹം പറഞ്ഞു. കെ ബാബുവിന്റെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.