Uncategorized

മലപ്പുറത്ത് ക്വാറിയിലേക്ക് ലോറി മറിഞ്ഞ സംഭവം: ലോറിക്കുള്ളില്‍ മുസ്തഫയുള്ളതായി സ്ഥിരീകരിച്ചു

Spread the love

മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ ലോറിയ്ക്കുള്ളില്‍ ക്ലീനര്‍ മുസ്തഫയുള്ളതായി സ്ഥിരീകരിച്ചു. അപകടം നടന്ന് ആറ് മണിക്കൂറിലേറെ സമയത്തിന് ശേഷമാണ് ലോറിയും ലോറിയ്ക്കുള്ളില്‍ കുടുങ്ങിയ ക്ലീനറും എവിടെയെന്ന് കണ്ടെത്താനായത്. ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയര്‍ത്തി പുറത്തേക്കെടുക്കുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ തുടരുകയാണ്. 65 അടിയോളം താഴ്ചയുള്ള കുളത്തിലാണ് ലോറി വീണത്. മുസ്തഫയുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഡ്രൈവര്‍ ജാഫറിനെ മുമ്പ് തന്നെ രക്ഷപ്പെടുത്തിയിരുന്നു. (cleaner mustafa found |lorry overturned in malappuram quarry)ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. മറിഞ്ഞ വാഹനം വെള്ളത്തില്‍ പൂര്‍ണമായും താഴ്ന്നുപോയിട്ടുണ്ട്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി വീണത്. പിന്നാലെ പൂര്‍ണമായും മുങ്ങുകയും ചെയ്തു.പ്രദേശത്ത് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാല്‍ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ആഴക്കൂടുതലും ക്രെയിന്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കാനുണ്ടായ ഗതാഗത തടസ്സവും റോപ്പ് ഘടിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ സാധിക്കാതെ വന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ചതുപ്പില്‍ ആഴത്തിലുള്ള ചെളിയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.