Uncategorized

‘സണ്ണി ജോസഫ് എന്ന മനുഷ്യനുമായി ഈ സെക്കന്റ് വരെ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല; യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല’; പി കെ ശശി

Spread the love

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതില്‍ പ്രതികരണവുമായി പി കെ ശശി. കെടിഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്റെ സ്വന്തം ഇഷ്ടപ്രകാരമെന്നും സ്വമനസാലെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ടൂറിസം മന്ത്രി, ടൂറിസം ഡയറക്ടര്‍, ടൂറിസം സെക്രട്ടറി എന്നിവര്‍ക്ക് ഔദ്യോഗികമായി രാജിക്കത്ത് കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ തീരുമാനത്തില്‍ ഒരാളുടെയും സമ്മര്‍ദമില്ല, പ്രേരണയില്ല, ആരുടെയും നിര്‍ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.രാജിയുമായി ബന്ധപ്പെട്ട് ഒരു കമ്മറ്റിയുടെയും ഒരു നിര്‍ദേശവും എനിക്ക് വന്നിട്ടില്ല. ഇത് ഞാന്‍ സ്വമനസാലെ എടുത്ത തീരുമാനമാണ്. അഞ്ച് വര്‍ഷക്കാലം കെടിഡിസിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണെന്ന് എന്റെ രാജിക്കത്തില്‍ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡും ബന്ധപ്പെട്ട വകുപ്പും അവിടെയുള്ള ജീവനക്കാരും ഉള്‍പ്പടെ ഒരു ടീമായി നിന്നുകൊണ്ട് നടത്തിയിട്ടുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 15 വര്‍ഷത്തിനിപ്പുറം കെടിഡിസി ലാഭത്തിലായ വര്‍ഷങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷം. അതിന്റെ ചാരിഥാര്‍ത്ഥ്യത്തോടെയാണ് ഞാന്‍ കെടിഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ മാത്രമാണ് രാജിക്ക് പിന്നിലുള്ളത്. അതും യുഡിഎഫുമായി ബന്ധപ്പെട്ട കാര്യമെന്താണെന്ന് എനിക്ക് അറിയില്ല – അദ്ദേഹം പറഞ്ഞു.യുഡിഎഫ് നേതാക്കളുടമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളും അദ്ദേഹം തള്ളി. ഈ സെക്കന്റ് വരെ സണ്ണി ജോസഫ് എന്ന മനുഷ്യനുമായി ഒരക്ഷരം പോലും ഞാന്‍ സംസാരിച്ചിട്ടില്ല. ഏതെങ്കിലും യുഡിഎഫ് നേതാക്കളുമായി ഞാന്‍ എന്റെ ചേരിമാറ്റം സംബന്ധിച്ച് ഒരുകാര്യം സംസാരിച്ചതായി നിങ്ങള്‍ തെളിയിച്ചാല്‍ പറയുന്ന ജോലി ഞാന്‍ ചെയ്യാം. ഇത് കെടിഡിസിയില്‍ നിന്നുള്ള രാജിയാണ്. ഞാന്‍ ഇപ്പോള്‍ സിപിഐഎമ്മില്‍ അംഗമാണ്. ട്രേഡ് യൂണിയന്‍ സംഘടനയുടെ ഒരു ഭാരവാഹിയായി പ്രവര്‍ത്തിക്കുന്നയാളാണ്. മറിച്ചൊരു തീരുമാനവും ഞാന്‍ ഇന്നേവരെ എടുത്തിട്ടില്ല. മാറ്റത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. നാളെ എന്താകുമെന്ന് പറയാനാകുമോ? – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പി കെ ശശിയുമായി ചര്‍ച്ച നടത്തിയെന്നാണ് അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം. സിപിഐഎമ്മിന് അകത്തുനിന്ന് കൂടുതല്‍ ആളുകള്‍ പുറത്തുവരുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. പി കെ ശശിയുടെ രാജി സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് എന്നാണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ മറുപടി.