നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം; മാതാപിതാക്കളുടെ മൊഴി എടുത്തു
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ അമ്മയുടെയും അച്ഛന്റെയും മൊഴി എടുത്തു. ഇന്നലെ രാത്രി നെടുമങ്ങാട് ആശുപത്രിയിൽ എത്തി ഡോക്ടര്‍മാരുടെ അന്വേഷണ സമിതിയാണ് മൊഴി എടുത്തത്. എസ് എ ടി ആശുപത്രിയിലെ മൂന്നംഗ ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തുന്നത്. ഡോക്ടർ ബിന്ദു സുന്ദർ കൈക്കൂലി വാങ്ങിയതായി കുഞ്ഞിന്റെ അച്ഛൻ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ അടക്കം സമിതി ചോദിച്ചറിഞ്ഞു. കൈക്കൂലി നൽകിയതായി കുഞ്ഞിന്റെ അച്ഛൻ ബിനിൽ മൊഴി നല്കി. രണ്ട് തവണയായി 5000 രൂപ വീതം ഡോക്ടർക്ക് നല്‍കിയെന്നാണ് മൊഴി.അതേസമയം, മരിച്ച നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും.തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം. ഇന്നലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതോടെയാണ് മൃതദേഹം ഏറ്റെടുക്കാൻ കുഞ്ഞിന്റെ ബന്ധുക്കൾ തയ്യാറായത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.ഇതിന് മുൻപും ബിന്ദു സുന്ദറിനെതിരെ പരാതികൾ ഉയർന്നിരുന്നു. എന്നിട്ടും ശക്തമായ നടപടി ഇവർക്കെതിരെ വകുപ്പ് എടുത്തിരുന്നില്ല. എന്നാൽ കുഞ്ഞിന്റെ മരണത്തിൽ പ്രതിഷേധം ശക്തമായതോടെ ഡോക്ടറെ ആദ്യം വകുപ്പ് സ്ഥലം മാറ്റം നൽകിയത്. എന്നാൽ പ്രതിഷേധം വീണ്ടും ശക്തമായതോടെ ഡോക്ടറെ സസ്പെൻഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രസവ ശാസ്ത്രക്രിയക്കിടെ തിരുവനന്തപുരം പാലോട് സ്വദേശിയായ നിരഞ്ജനയുടെ കുഞ്ഞ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽവെച്ച് മരണപെട്ടത്.
