നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്; തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പി രാജീവ്
നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നിയമ മന്ത്രി പി രാജിവ്. ദൈനംദിന ഭരണനിര്‍വഹണത്തെ പോലും പ്രതിസന്ധിയില്‍ ആക്കുന്ന ഉത്തരവാണ് ഹൈക്കോടതിയുടേത്. ഭരണവുമായി ബന്ധപ്പെട്ട് കോടതികള്‍ ഇടപെടരുത് എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ച ഭാഗങ്ങളില്‍ പോലും ഹൈക്കോടതി ഇടപെട്ടു. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. (P Rajeev on Nava Kerala Survey) ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കേന്ദ്രത്തിലും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമൊന്നും നടപ്പാക്കാന്‍ പറ്റാത്ത നിഗമനങ്ങളാണ് ഈ വിധിയിലുള്ളത്. ഭാവിയിലും ഭരണത്തെത്തന്നെ പ്രതിസന്ധിയിലാക്കാന്‍ ഇടനല്‍കുന്ന കാര്യങ്ങള്‍ ആ വിധിയില്‍ ഉണ്ട്. അത് വിശദമായി പഠിച്ച് ഗവണ്‍മെന്റ് തുടര്‍നടപടി സ്വീകരിക്കും – അദ്ദേഹം പറഞ്ഞു.നവകേരള സര്‍വേയുടെ ലക്ഷ്യം തുടര്‍ഭരണം ഉറപ്പിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ തുറന്നുപറച്ചില്‍ ഇന്ന് പുറത്ത് വന്നിരുന്നു. സര്‍വേയുടെ ജില്ലാതല നിര്‍വഹണ സമിതി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയിലെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗമാണ് പുറത്തുവന്നത്.
നവകേരള സര്‍വേയുടെ യഥാര്‍ഥ ലക്ഷ്യം തുടര്‍ഭരണമാണെന്ന് മുഖ്യമന്ത്രി ഉറപ്പിക്കുന്ന ശബ്ദരേഖയാണിത്. 2025 ഒക്ടോബര്‍ 22ന് തിരുവനന്തപുരത്ത് നടന്ന നിര്‍വഹണ ഉദ്യോഗസ്ഥരുടെ ശില്‍പശാലയിലെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. സര്‍വേയുമായി എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുഖ്യമന്ത്രി വിവരിക്കുന്നുണ്ട്.
ശബ്ദരേഖ പുറത്തുവന്നതോടെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും കള്ളങ്ങള്‍ മറനീക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.
നവ കേരള സര്‍വേ ഹൈക്കോടതി ഇടപെട്ട് തടഞ്ഞത് നാട്ടുകാരുടെ ചെലവില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള ശ്രമമായത് കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. നിയമപദേശം തേടിയതിന് ശേഷം സര്‍വേ റദ്ധാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.
