Monday, March 9, 2026
Latest:
Uncategorized

‘ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാര്‍ട്ടികളുണ്ടാക്കി അധികാരക്കസേരകളില്‍ അടയിരിക്കുന്നു’; വിമര്‍ശനം തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍

Spread the love

മുസ്ലീം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനം തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാര്‍ട്ടികളുണ്ടാക്കി അധികാരക്കസേരകളില്‍ അടയിരിക്കുന്നെന്ന് എസ്എന്‍ഡിപി യോഗം മുഖപത്രം യോഗനാദത്തില്‍ എഡിറ്റോറിയല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യമില്ലെങ്കില്‍ സമുദായം ബാലറ്റിലൂടെ മറുപടി പറയുമെന്നും വെള്ളാപ്പള്ളി നടേശന്റെ മുന്നറിയിപ്പ്. (vellappally natesan against minority political parties)
യോഗനാദത്തിലെ എഡിറ്റോറിയലിലെ വിമര്‍ശനങ്ങള്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം വയ്ക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. രാഷ്ട്രീയപാര്‍ട്ടികളില്‍ അടിക്കൊള്ളാനും കൊല്ലപ്പെടാനും പിന്നാക്കക്കാരും അധികാരക്കസേരകളില്‍ മറ്റുള്ളവരും എന്ന രീതി ഇനി തുടരാനാവില്ല. അധികാര രാഷ്ട്രീയത്തിലെത്താന്‍ വിലപേശല്‍ വേണമെന്നും വെള്ളാപ്പള്ളി നടേശന്‍ ഭൂരിപക്ഷ സമുദായങ്ങളെ ഉപദേശിക്കുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായത് ചോദിച്ചു വാങ്ങാന്‍ കുമാരനാശാനെ ശ്രീനാരായണഗുരു പ്രജാസഭയിലേക്ക് അയച്ച ചരിത്രസംഭവത്തെ കൂട്ടിച്ചേര്‍ത്താണ് വെള്ളാപ്പള്ളിയുടെ എഡിറ്റോറിയല്‍.വിമര്‍ശനമേറെയും മുസ്ലീം ലീഗിനെതിര്. പത്ത് വര്‍ഷം കൊണ്ട് സമുദായത്തിന് നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കണമെന്ന ലീഗ് നേതാക്കളുടെ പ്രസ്താവന ഭൂരിപക്ഷ ജനതക്കുള്ള മുന്നറിയിപ്പായാണ് വെള്ളാപ്പള്ളി നടേശന്‍ ഉദ്ദരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ മതം പറഞ്ഞ് അധികാരം നേടി. മുസ്ലീം, ക്രൈസ്തവ സമുദായങ്ങള്‍ രാഷ്ട്രായ പാര്‍ട്ടികളുണ്ടാക്കി അധികാര പദവികള്‍ പിടിച്ചെടുത്തു. ഭൂരിപക്ഷസമുദമായങ്ങള്‍ തമ്മില്‍ തല്ലിയും കാലുവാരിയും പരസ്പരം കുറ്റം പറഞ്ഞും നശിക്കുകയാണെന്നും വിമര്‍ശനം. അര്‍ഹതപ്പെട്ടത് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമുദായം ബാലറ്റിലൂടെ മറുപടി പറയുമെന്നും എഡിറ്റോറയിലില്‍ പറയുന്നു.