Tuesday, February 17, 2026
Latest:
Uncategorized

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന്റെ ബില്‍ വെട്ടാന്‍ ദേവസ്വം ബോര്‍ഡ്; ഏഴ് കോടിയിലേറെ ആവശ്യപ്പെട്ടിടത്ത് 4.50 കോടി മാത്രം നല്‍കാന്‍ ദേവസ്വം നീക്കം

Spread the love

ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവില്‍ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നല്‍കിയ ബില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചേക്കില്ല. 7.11 കോടി രൂപയാണ് ഊരാളുങ്കല്‍ ആവശ്യപ്പെട്ടത്. നാലരക്കോടി രൂപ മാത്രമേ അംഗീകരിക്കൂ എന്നാണ് ദേവസ്വത്തിന്റെ നിലപാട്. ഇന്ന് നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രതിനിധികളെ ഇക്കാര്യം ദേവസ്വം അറിയിക്കും. (devaswom board will not give full amount in uralungal society bill)ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ എസ്റ്റിമേറ്റ് വെട്ടി നാലരക്കോടിയാക്കി ചുരുക്കിയിരുന്നു. ദേവസ്വം കമ്മീഷണര്‍ അംഗീകരിച്ച തുക തന്നെ കൊടുത്താല്‍ മതിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഊതിവീര്‍പ്പിച്ച കണക്കുകളാണ് ഊരാളുങ്കല്‍ നല്‍കിയതെന്നാണ് ദേവസ്വത്തിന്റെ അഭിപ്രായം. ഇന്ന് 10.30നാണ് ദേവസ്വം ബോര്‍ഡ് നിര്‍ണായക യോഗം ചേരുക. കണക്കുകള്‍ ഓഡിറ്റ് ചെയ്ത സംഘത്തിന്റെ പ്രതിനിധികളേയും ഊരാളുങ്കലില്‍ നിന്നുള്ള പ്രതിനിധികളേയും രാവിലെ നടക്കുന്ന യോഗത്തിലേക്ക് ദേവസ്വം ബോര്‍ഡ് ക്ഷണിച്ചിട്ടുണ്ട്.ആഗോള അയ്യപ്പ സംഗമത്തിന്റെ പബ്ലിസിറ്റിക്കും ഇവന്റ് മാനേജ്‌മെന്റിനും മാത്രം മൂന്ന് കോടിയിലേറെ രൂപയാണ് ഊരാളുങ്കലിന്റെ ബില്ലിലുള്ളത്. അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളില്‍ വലിയ ക്രമക്കേടുണ്ടെന്ന് കോടതി നിരീക്ഷിച്ചതിന്റേയും കരാര്‍ ഊരാളുങ്കലിന് നല്‍കുമ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ പാലിച്ചില്ലെന്ന വിമര്‍ശനത്തിന്റേയും പശ്ചാത്തലത്തില്‍ കൂടിയാണ് ഊരാളുങ്കല്‍ നല്‍കിയ ബില്‍ ദേവസ്വം വെട്ടുന്നത്.