Uncategorized

ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ പൊരുത്തക്കേട്; തലയൂരാൻ സർക്കാരും, ദേവസ്വം ബോർഡും; യോഗം വിളിച്ചു

Spread the love

ആഗോള അയ്യപ്പ സംഗമം നടത്തിപ്പിന്റെ കണക്കിൽ പ്രതിരോധത്തിലായതോടെ, വിവാദങ്ങളിൽ നിന്ന് തലയൂരാൻ സർക്കാരും , ദേവസ്വം ബോർഡും. ചൊവാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിർണായക യോഗം ചേരും. മുഴുവൻ കണക്കുകളുമായി എത്താൻ കരാർ കമ്പനിക്ക് നിർദേശം നൽകി. പ്രഖ്യാപിച്ച തുക ഉടൻ നൽകണമെന്ന് സ്പോൺസേഴിനോട് ആവശ്യപ്പെടും.ഈമാസം 17നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് യോഗം. ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് മുഴുവൻ കണക്കുകളുമായി എത്താൻ നിർദേശം നൽകിയത്. ബോർഡിനായി ഓഡിറ്റിംഗ് നടത്തിയ വിജയൻ ആൻഡ് അസോസിയേറ്റ് എന്ന സ്ഥാപനവും യോഗത്തിൽ പങ്കെടുക്കും. കണക്കുകളിലെ പൊരുത്തക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് ദേവസ്വം മന്ത്രി നൽകിയ മറുപടിയും ദേവസ്വം ബോർഡ് ഹൈകോടതിയിൽ നൽകിയ റിപോർട്ടും തമ്മിലാണ് പ്രകടമായവൈരുദ്ധ്യം നിലനിൽക്കുന്നത്.ആഗോള അയ്യപ്പസംഗമത്തിന് സർക്കാരോ ദേവസ്വം ബോർഡോ പണം അനുവദിച്ചിട്ടുണ്ടോയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യം. സ്പോൺസർമാരെ കണ്ടെത്തി ആഗോള അയ്യപ്പ സംഗമം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും തുക കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടതിനാൽ ദേവസ്വം ബോർഡ് അഡ്വാൻസായി തുക ചെലവഴിച്ചു.

റീലിജയസ് കൺവൻഷനുകൾ നടത്താൻ ബോർഡിന്റെ ബജറ്റിൽ വകയിരുത്തിയിരുന്ന തുകയാണ് അഡ്വാൻസായി ചെലവിട്ടതെന്നും സ്പോൺസർമാർ വാഗ്ദാനം ചെയ്ത തുക ലഭിച്ചപ്പോൾ അഡ്വാൻസ് തുക അക്കൗണ്ടിലേക്ക് തിരിച്ച് അടച്ചുവെന്നായിരുന്നു ദേവസ്വം മന്ത്രി വി.എൻ.വാസവൻ രേഖാമൂലം നൽകിയ ഉത്തരം. എന്നാൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകിയ റിപോർട്ടിൽ പണം തിരികെ വന്നിട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. സർക്കാരിന്റെയും ബോർഡിന്റെയും മറുപടിയിലുളള ഈ വൈരുധ്യത്തിന് അധികൃതർക്ക് കൃത്യമായ വിശദീകരണമില്ല.