ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ്; പോളിങ് പുരോഗമിക്കുന്നു, മത്സര രംഗത്ത് 1981 സ്ഥാനാർത്ഥികൾ
ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച പോളിങ് വൈകിട്ട് നാലരയ്ക്ക് അവസാനിക്കും. 2024 ഓഗസ്റ്റിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷേയ്ഖ് ഹസീന സർക്കാർ പുറത്തായശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. പാർലമെന്റിലെ 300 സീറ്റുകളിലേക്കായി 1981 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 പാർട്ടികളുടെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.അന്തരിച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പതിനൊന്ന് പാർട്ടികളുടെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. 2024ലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ നഹീദ് ഇസ്ലാം രൂപം നൽകിയ പുതിയ പാർട്ടിയായ നാഷണൽ സിറ്റിസൺ പാർട്ടിയും ജമാഅത്തെ ഇസ്ലാമി സഖ്യത്തിലാണുള്ളത്. വിലക്ക് നിലനിൽക്കുന്നതിനാൽ ഷേയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നില്ല. പൊതു തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഭരണഘടനാ പരിഷ്‌കരണത്തിനായുള്ള ജൂലൈ ചാർട്ടറിന്റെ ഹിതപരിശോധനയും നടക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ കാലാവധി പരമാവധി രണ്ട് ടേം അഥവാ പത്ത് വർഷമായി നിജപ്പെടുത്തുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഈ ഹിതപരിശോധനയിലുണ്ട്. പുറത്തുവന്ന സർവേകളിൽ ബി എൻ പിയ്ക്കാണ് വിജയസാധ്യത കൽപിക്കപ്പെടുന്നത്. പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന അവാമി ലീഗ് മത്സരരംഗത്തില്ലാത്തത് രാജ്യത്ത് ഒരു പുതിയ രാഷ്ട്രീയ ക്രമത്തിന് വഴിയൊരുക്കും. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെയും അതിർത്തി സുരക്ഷയെയും സാരമായി ബാധിക്കുമെന്നതിനാൽ ഇന്ത്യ ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് സസൂക്ഷ്മം വീക്ഷിച്ചുവരികയാണ്. 12.7 കോടി വോട്ടർമാരാണ് വോട്ടർമാരായിട്ടുള്ളത്. ആദ്യ ഫലസൂചനകൾ ഇന്നു അർദ്ധരാത്രിയോടെ പുറത്തുവരും. നാളെ രാവിലെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.
