‘പറവൂരിൽ സതീശൻ ജയിക്കാൻ സാധ്യത കുറവ്; ജനങ്ങൾ കോൺഗ്രസിന് എതിര്’; മന്ത്രി വി ശിവൻകുട്ടി
പറവൂർ നിയമസഭാ മണ്ഡലത്തിൽ വിഡി സതീശൻ ജയിക്കാൻ സാധ്യത കുറവാണെന്ന് മന്ത്രി വി ശിവൻകുട്ടി. ആ മണ്ഡലത്തിലെ ജനങ്ങൾ കോൺഗ്രസിന്എതിരാണ്. ഒറ്റയ്ക്ക് അവിടെ ജയിക്കാൻ കോൺഗ്രസിന് ആവില്ലെന്ന് മന്ത്രി പറഞ്ഞു. അതിനാൽ നേമത്തും പറവൂരിലും കോൺഗ്രസ്-ബിജെപി ഡീൽ ഉണ്ടാക്കിയിരിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു.ആ ഡീലിന് തെളിവൊന്നുമില്ല. മുൻപും ഇത്തരത്തിൽ ഡീൽ ഉണ്ടാക്കിയിട്ടുണ്ട്. ആ ഒത്തുതീർപ്പിന്റെ ഫലമായി ഞാൻ തോറ്റിട്ടും ഉണ്ട് ജയിച്ചിട്ടുമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംഘി കുട്ടി എന്ന് എന്നെ വി.ഡി സതീശൻ എന്നെ വിളിച്ചു. അഞ്ച് പതിറ്റാണ്ടായി ഞാൻ രാഷ്ട്രീയപ്രവർത്തനം നടത്തുന്നു. സംഘപരിവാറിനെതിരെയാണ് എൻറെ പ്രവർത്തനം അങ്ങനെയുള്ള എന്നെയാണ് സംഘി കുട്ടി എന്ന് വിളിച്ചതെന്ന് അദേഹം പറഞ്ഞു.ലോകത്തുള്ള മുഴുവൻ ആളുകളെയും പരിഹസിക്കുകയാണ് സതീശൻ ചെയ്യുന്നത്. അയാളെ അല്ലാതെ വേറെ ആരെയും അയാൾ അംഗീകരിക്കില്ല എന്ന സ്ഥിതിയായി. ബജറ്റ് അവതരിപ്പിച്ചപ്പോൾ സതീശൻ അസ്വസ്ഥനായെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യുഡിഎഫിനും കോൺഗ്രസിനും എതിരെ ക്യാമ്പയിൻ നടത്തുകയാണ് തങ്ങളുടെ ജോലി. അതിൽ എന്താണ് തെറ്റെന്ന് മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. സോണിയ ഗാന്ധിയെ താൻ അപമാനിച്ചിട്ടില്ല. കോൺഗ്രസിൽ ഉള്ളവരാണ് സോണിയ ഗാന്ധിയെ ആക്ഷേപിച്ചിട്ടുള്ളതെന്ന് അദേഹം പറഞ്ഞു.
