‘കിറ്റെക്‌സിന്റെ ഇടപാടുകള്‍ സുതാര്യം; ഇഡി നല്‍കിയ നോട്ടീസിന് കൃത്യമായ മറുപടി നല്‍കി’; സാബു എം ജേക്കബ്
എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നില്‍ ഇഡി ഭീഷണിയെന്ന ആരോപണം തള്ളി ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. കിറ്റെക്‌സിന്റെ ഇടപാടുകള്‍ എല്ലാം സുതാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഇഡി നല്‍കിയ നോട്ടീസിന് കൃത്യമായ മറുപടി നല്‍കി. നിയമലംഘനം തെളിഞ്ഞാല്‍ സ്ഥാപനം എഴുതിതരാം. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ നിയമനടപടിയെടുക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു. (Sabu M Jacob denied the allegation ).ഒരു കമ്പനി പ്രവര്‍ത്തിക്കുമ്പോള്‍ അനേകം നോട്ടീസുകള്‍ വരും. അതൊരു വലിയ കാര്യമായിട്ട് കൊണ്ടുവരികയാണ്. ഇഡി ആവശ്യപ്പെട്ട ഡോക്യമെന്റ്‌സ് മുഴുവന്‍ കൊടുത്തു. ഒരു ഡോളറിന്റെ പോലും കിട്ടായ്കയില്ല. 33 വര്‍ഷം ഈ ഫാക്ടറി പ്രവര്‍ത്തിച്ചിട്ട് ഇതുവരെ ഒരു നിയമലംഘനത്തിന്, ഒരു സാമ്പത്തിക തിരിമറിക്ക് പെനാല്‍റ്റിയോ നടപടിയോ ഈ കമ്പനിയുടെ പേരില്‍ ഉണ്ടായിട്ടില്ല. മൂന്ന് തവണ എന്നോട് ഹാജരാകാന്‍ പറഞ്ഞു എന്ന് പറയുന്നത് കള്ളമാണ്. ഈ പറഞ്ഞവര്‍ അതിന്റെ ഡോക്യുമെന്റ്‌സ് ഹാജരാക്കട്ടെ – അദ്ദേഹം പറഞ്ഞു.വിദേശ വ്യാപാരം നടത്തുന്നവര്‍ക്ക് ഒന്നോ രണ്ടോ ഡോളറിന്റെ വിനിമയ വ്യത്യാസം വന്നാല്‍ റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന പിഴയല്ലാതെ ഇതില്‍ അറസ്റ്റ് ചെയ്യാനോ തടവിലിടാനോ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് കിറ്റക്‌സിന് മാത്രമായിട്ടുണ്ടായ കാര്യമല്ല. ഇതേ സമയത്ത് തന്നെ ഞങ്ങളുടെ ബാങ്കുമായി ഡീലിങ്‌സ് ഉള്ള അഞ്ച് എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്ക് ഇതേ രീതിയില്‍ നോട്ടീസ് വന്നിട്ടുണ്ട്. കേരളത്തില്‍ ഏതാണ്ട് നൂറോളം എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്ക് നോട്ടീസ് വന്നിട്ടുണ്ട്. ഇന്ത്യയിലൊട്ടാകെ ആയിരത്തിലധികം പേര്‍ക്ക് നോട്ടീസ് ഇഷ്യു ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിദേശ പണമിടപാടുകള്‍ കര്‍ശനമായി മോണിറ്റര്‍ ചെയ്യാന്‍ തുടങ്ങിയതിന്റെ ഭാഗമായി ഇന്ത്യയിലൊട്ടാകെ വിദേശ വിനിമയം സുഗമമാണെന്നും മൂറ് ശതമാനവും ഇവിടെ കിട്ടിയിട്ടുണ്ടെന്നും ഉറപ്പ് വരുത്താന്‍ വേണ്ടി മാത്രം വിദേശ വ്യാപാരം നടത്തുന്ന എല്ലാ വ്യവസായികള്‍ക്കും കൊടുത്തതിന്റെ ഭാഗമായി കിറ്റക്‌സ് ഗാര്‍മെന്റ്‌സിനും ഒരു നോട്ടീസ് ഇഷ്യു ചെയ്തു. അതുകൊണ്ടുതന്നെ ഒരു പ്രസക്തിയും അതിനില്ല – അദ്ദേഹം പറഞ്ഞു.
