വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സാ നിഷേധം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിന്റെ നിർദേശം
ശ്വാസതടസത്തെ തുടർന്ന് തിരുവനന്തപുരം കൊല്ലങ്കോണം സ്വദേശി ബിസ്മീർ മരിച്ച സംഭവത്തിൽ വിളപ്പിൽശാല സർക്കാർ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയത്. ആശുപത്രിയിൽ നേരിട്ടെത്തിയാണ് അന്വേഷണം നടത്തേണ്ടത് അടിയന്തരമായി റിപ്പോർട്ട് നൽകാനും ആവശ്യം. ഇന്നലെയാണ് ട്വന്റിഫോർ ഈ വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത്.പ്രാഥമിക ചികിത്സ പോലും ഏറെ വൈകിയാണ് ഉണ്ടായതെന്ന് ബിസ്മീറിന്റെ ഭാര്യ ജാസമിൻ ട്വന്റിഫോറിനോട് പറഞ്ഞു. അവശനായ ബിസ്മീർ ആശുപത്രി വരാന്തയിൽ മിനിറ്റുകളോളം കാത്തിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോർ പുറത്തുവിട്ടിരുന്നു.
ആശുപത്രിയുടെ ഗ്രില്ല് അകത്തുനിന്ന് പൂട്ടിയതിനെ തുടർന്ന് പത്ത് മിനിട്ടിൽ അധികമാണ് ആശുപത്രി വരാന്തയിൽ ബിസ്മീറിനും ഭാര്യക്കും കാത്തുനിൽക്കേണ്ടി വന്നത് . നിലവിളിച്ചു കരഞ്ഞിട്ടും ആശുപത്രി അധികൃതർ സഹായിച്ചില്ലെന്നും ബിസ്മിറിന്റെ ഭാര്യ ജാസ്മിൻ പറഞ്ഞു. ആശുപത്രി അധികൃതർ ശ്രദ്ധിച്ചിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് സഹോദരനും പറയുന്നു.
ഈമാസം 19ന് പുലർച്ചയാണ് ശ്വാസ തടസ്സത്തെ തുടർന്ന് ബിസ്മീറിനെ വിളപ്പിൽശാലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. ശേഷം ഓക്സിജൻ, സി പി ആർ നെബുലൈസേഷൻ എന്നിവ നൽകാൻ തയ്യാറായില്ലെന്നാണ് കുടുംബം ഇപ്പോഴും ആവർത്തിക്കുന്നത്. നീതി വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
