‘ജനങ്ങളിൽ ഭരണ വിരുദ്ധ വികാരമില്ല; കുറവുകളും തെറ്റുകളും തിരുത്തി മുന്നോട്ട് പോകും’: ടിപി രാമകൃഷ്ണൻ
ജനങ്ങളിൽ ഭരണ വിരുദ്ധ വികാരമില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കുറവുകളും തെറ്റുകളും ജനങ്ങൾ ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തി മുന്നോട്ട് പോകും. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഇടതുപക്ഷത്തിന്റെ മൂന്ന് പ്രചാരണ ജാഥകളിൽ വടക്കൻ കേരളത്തിൽ ജാഥ എം.വി ഗോവിന്ദൻ, മധ്യകേരളത്തിൽ ജോസ് കെ മാണി, തെക്കൻ കേരളത്തിൽ ബിനോയ് വിശ്വം തുടങ്ങിയവർ ജാഥ നയിക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
എൽഡിഎഫിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. സി പിഎമ്മിനുള്ളിലും അത്തരം ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനായി എൽഡിഎഫ് വല വിരിയ്ക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, തരൂരുമായി ചർച്ചക്ക് തയാറാണെന്ന് ടി.പി.രാമകൃഷ്ണൻ പറഞ്ഞു.എൽഡിഎഫിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ ശരി തരൂരിനെ എൽഡിഎഫ് സ്വീകരിക്കും. മതനിരപേക്ഷ നിലപാടുള്ള ആർക്കും എൽഡിഎഫിൽ വരാമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ദുബൈയിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ഡോക്ടർ ശശി തരൂരുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
