സ്വന്തമായി വനമുണ്ടാക്കി പതിറ്റാണ്ടുകളായി പരിപാലിക്കുന്ന കേരളത്തിന്റെ ‘അണ്‍സങ് ഹീറോ’; ആലപ്പുഴയിലെ വനമുത്തശ്ശി ദേവകിയമ്മയ്ക്ക് പത്മശ്രീ
അണ്‍സങ് ഹീറോ വിഭാഗത്തിലെ പത്മ പുരസ്‌കാരം പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയും ആലപ്പുഴ സ്വദേശിയുമായ കൊല്ലക്കയില്‍ ദേവകിയമ്മയ്ക്കാണ് കേരളത്തില്‍ നിന്നും പുരസ്‌കാരം ലഭിച്ചത്. മുതുകുളത്ത് സ്വന്തമായി അഞ്ചേക്കര്‍ വനമുണ്ടാക്കി പരിസ്ഥിതിയെ ഹൃദയത്തോടെ ചേര്‍ത്തുപിടിച്ച ദേവകിയമ്മയാണ് ഇന്ന് കേരളത്തിന്റെയും രാജ്യത്തിന്റേയും അഭിമാനമായി മാറിയിരിക്കുന്നത്. (Kollakkayil Devaki Amma gets padma shri).പതിറ്റാണ്ടുകളായി പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്ന ദേവകിയമ്മയെ തേടി പത്മശ്രീ പുരസ്‌കാരം എത്തുമ്പോള്‍ മലയാളിക്കിത് അഭിമാന നിമിഷമാണ്. ഏക്കര്‍ കണക്കിന് വനം സ്വയം ഉണ്ടാക്കി പരിസ്ഥിതിയുടെ പ്രാധാന്യം പ്രവൃത്തിയിലൂടെ തെളിയിച്ചയാളാണ് ദേവകിയമ്മ. പത്മശ്രീ ആദരത്തില്‍ നിറഞ്ഞ സന്തോഷമെന്ന് ആലപ്പുഴയുടെ സ്വന്തം വന മുത്തശ്ശി പറഞ്ഞു. പച്ചപ്പു വിരിച്ചതിന്, എല്ലാ ജീവജാലങ്ങള്‍ക്കുമുള്ള ഇടമാണ് ഭൂമിയെന്ന് നിശബ്ദമായി പറഞ്ഞു വച്ചതിനാണ് ദേവകിയമ്മ്ക്ക് രാജ്യത്തിന്റെ ഈ ആദരം.ആലപ്പുഴ മുതുകുളത്ത് അഞ്ചേക്കറില്‍ വ്യാപിച്ചുകിടക്കുന്ന തപസ്വനം എന്ന പേരില്‍ വനം ഉണ്ടാക്കി മുന്നൂറിലധികം ഔഷധസസ്യങ്ങളെയും വന്‍മരങ്ങളെയും ഇവിടെ പരിപാലിക്കുന്നു. നാലര പതിറ്റാണ്ടിലേറെയായി ഒരു നിബിഡ വനത്തിന്റെ കാവല്‍ക്കാരി. 92ആം വയസ്സിലും പരിസ്ഥിതിയുടെ പ്രാധാന്യമാണ് ദേവകിയമ്മ പറയുന്നത്. രാജ്യത്തിന്റെ നാരീ ശക്തി പുരസ്‌കാര ജേതാവ് കൂടിയാണ് ദേവി അമ്മ. തപസ്വനത്തിലേക്ക് ഗവേഷണത്തിനും പഠിക്കാനും ആയി വിദ്യാര്‍ത്ഥികള്‍ എന്നും എത്താറുണ്ട്. 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്നാണ് ദേവകിയമ്മയുടെ ജീവിതം വഴിമാറുന്നത്. വര്‍ഷങ്ങളോളം നീണ്ട ദുരിതങ്ങള്‍ക്കൊടുവില്‍ വീടിനു ചേര്‍ന്നുള്ള ഭൂമിയിലേക്ക് അവര്‍ ശ്രദ്ധ തിരിച്ചു. ഒരു ലക്ഷ്യവും ഇല്ലാതെ ആദ്യത്തെ തൈ നട്ടു. പിന്നീട് ദിവസവും ഒരു തൈ നടുക എന്നത് ദിനചര്യയായി മാറി. ഔഷധസസ്യങ്ങളും, അത്തിമരങ്ങളും മാവും ഞാവലും എല്ലാം അവിടെ വളര്‍ന്നു. മണല്‍മൂടിയ പ്രദേശം ഇന്ന് വനമായി നില്‍ക്കുന്നു. എണ്ണമറ്റ പക്ഷികളും ജീവജാലങ്ങളും വളരുന്നുണ്ട്.
