KeralaTop News

കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം പരിശോധിച്ച സംഭവം: ‘തിരഞ്ഞെടുപ്പ് കാലത്തെ നാടകങ്ങളോട് പ്രതികരിക്കാനില്ല ‘ ; എം സ്വരാജ്

Spread the love

തിരഞ്ഞെടുപ്പ് കാലത്തെ നാടകങ്ങളോട് പ്രതികരിക്കാനില്ലെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കാന്‍ പാടില്ല എന്ന ഒരു നിയമം ഉണ്ടാക്കേണ്ടി വരും. ഇതൊന്നും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്നും എം സ്വരാജ്
പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം നാടകങ്ങളുമായി വരിക, ഭീഷണി ഉയര്‍ത്തുക, എന്നിട്ടോരോ പ്രതീതി സൃഷ്ടിക്കുക. അതിന്റെയൊക്കെ കാലം കഴിഞ്ഞു എന്നാണ് മനസിലാക്കേണ്ടത്. തിരഞ്ഞെടുപ്പ് സംബന്ധിയായ സാധാരണ പരിശോധനകളില്‍ നിന്ന് യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ ഒഴിവാക്കണം എന്നൊരു നിയമം നമ്മുടെ നാട്ടില്‍ കൊണ്ടുവന്നാല്‍ മതി. അപ്പോള്‍ ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടും. ഞങ്ങള്‍ ഇതിലൊന്നും പ്രതികരിക്കാനില്ല. അതൊക്കെ ജനങ്ങള്‍ വിലയിരുത്തും. – അദ്ദേഹം പറഞ്ഞു.

നാടിനെയും ജനങ്ങളെയും ബാധിക്കുന്ന വികസന കാര്യങ്ങളും ജനക്ഷേമ പദ്ധതികളെ സംബന്ധിച്ചുള്ള കാര്യങ്ങളുമാണ് തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും നാടകങ്ങളോടൊന്നും പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇന്നലെ രാത്രിയാണ് ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വാഹനത്തില്‍ പരിശോധന നടന്നത്. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു പരിശോധന. വാഹനത്തിലെ പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. ഏകപക്ഷീയമായ പരിശോധനയെന്ന് നേതാക്കള്‍ ആരോപിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധന നടത്തി. വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്.