KeralaTop News

‘സര്‍ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് മനസിലാക്കുന്നത് നന്ന് ‘ ; ഇടുക്കി കളക്ടര്‍ക്കെതിരെ സിവി വര്‍ഗീസ്

Spread the love

ഇടുക്കി കളക്ടര്‍ക്കെതിരെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. സര്‍ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് ഇടുക്കി ജില്ല കളക്ടര്‍ മനസിലാക്കുന്നത് നല്ലതാണ് എന്നായിരുന്നു സി വി വര്‍ഗീസിന്റെ പ്രസ്താവന.

പരുന്തുംപാറയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് ജനകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടയാണ് കളക്ടര്‍ക്കെതിരെയുള്ള സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പ്രസ്താവന. എക്കാലവും തങ്ങള്‍ ഒരു സര്‍വ്വാധിപതി ആയിരിക്കും എന്ന് ധരിക്കുന്ന ധിക്കാരികളായ ഉദ്യോഗസ്ഥര്‍ക്ക് ചരിത്രം മാപ്പ് കൊടുത്തിട്ടില്ലെന്നാണ് വര്‍ഗീസിന്റെ മുന്നറിയിപ്പ്.

പരുന്തുംപാറ കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 1600ലധികം ആളുകള്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. കയ്യേറ്റത്തിന്റെ പേരില്‍ സാധാരണക്കാരായ ആളുകളെ ദ്രോഹിക്കുന്ന നടപടിയെന്ന് ആരോപിച്ചാണ് പീരുമേട്ടില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. നേരത്തെ ജില്ലയിലെ അനധികൃത ക്വാറി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള നടപടികളിലും ജില്ലാ കളക്ടര്‍ക്ക് എതിരെ സി വി വര്‍ഗീസ് പ്രസ്താവന നടത്തിയിരുന്നു.