വാൻ ഹായ് 503 കപ്പൽ അപകടം; കടലിൽപ്പോയ കണ്ടെയ്‌നറുകൾ കേരള തീരത്ത് അടിയാൻ സാധ്യത
അഴീക്കൽ തുറമുഖത്തിന് സമീപമായി തീപിടിച്ച വാൻ ഹായ് 503 ചരക്ക് കപ്പലിലെ കടലിൽപോയ കണ്ടെയ്‌നറുകൾ മറ്റന്നാൾ മുതൽ കേരള തീരത്ത് അടിയാൻ സാധ്യത. 16/06/2025, 18/06/2025 തീയതികൾ മുതൽ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകൾ വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ്.
പൊതുജനങ്ങൾ കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ സ്പർശിക്കാൻ പാടുള്ളതല്ല. 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക. ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ 112 ൽ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
ഈ മാസം ഒൻപതിനാണ് കണ്ണൂർ അഴീക്കൽ തീരത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ സിംഗപ്പൂർ ചരക്ക് കപ്പലായ വാൻ ഹായ് 503 ന് തീപിടിക്കുന്നത്. കപ്പലിൽ ഉള്ളത് സ്ഫോടക വസ്തുക്കളും മാരക വിഷപദാർങ്ങളും അടങ്ങിയ വസ്തുക്കളാണ്. ഇന്നലെ ഹെലികോപ്റ്ററിൽ നിന്ന് തീ അണയ്ക്കാനുള്ള ഡ്രൈ കെമിക്കൽ പൗഡർ വിതറി ഡെക്കിലെ തീ ഏറെക്കുറെ അണയ്ക്കാൻ സാധിച്ചിരുന്നു. എന്നാൽ ഡെക്കിലുള്ള രാസവസ്തുക്കൾ മൂലം വൈകിട്ടോടെ വീണ്ടും തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. നിലവിൽ കപ്പലിലെ തീ നിയന്തരവിധേയമാക്കാൻ കഴിഞ്ഞെങ്കിലും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല.
