അഹമ്മദാബാദ് വിമാനാപകടം; ഹോസ്റ്റലിന് മുകളിൽ തങ്ങിയ വിമാനത്തിന്റെ അവശിഷ്ടം താഴെയിറക്കി
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അവശിഷ്ടം താഴെയിറക്കി. ഹോസ്റ്റലിന് മുകളിൽ തങ്ങിയിരുന്ന ഭാഗമാണ് ക്രെയിൻ ഉപയോഗിച്ച് താഴെ ഇറക്കിയത്. നാല് മണിക്കൂറോളം എടുത്താണ് വിമാനത്തിന്റെ ഭാഗം താഴെയിറക്കിയത്. വിമാനം രണ്ടായി പിളർന്നു പോയിരുന്നു. വിമാനത്തിന്റെ പിൻഭാഗമാണ് ഹോസ്റ്റലിൽ തങ്ങിയിരുന്നത്. ഇതാണ് ഇപ്പോൾ താഴെയിറക്കിയത്.
ഹോസ്റ്റലിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു വിമാനത്തിന്റെ അവശിഷ്ടം തങ്ങിയിരുന്നത്. ഈ അവശിഷ്ടങ്ങളിൽ വിശദമായ പരിശോധന നടത്തും. സ്ഥലത്ത് നിന്ന് വിമാനത്തിന്റെ അവശിഷ്ടം പൂർണമായി മാറ്റാനുള്ള നടപടിയാണ് അടുത്തഘട്ടം. വിമാനം ഇടിച്ചിറങ്ങിയതോടെ ഹോസ്റ്റൽ പൂർണമായി ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ഇനിയും വിമാനത്തിന്റെ അവശിഷ്ടം അവിടെയിരുന്നാൽ ഹോസ്റ്റൽ പൂർണമായി ഇടിയാനുള്ള സാധ്യത മുന്നിൽ കണ്ടാണ് അവശിഷ്ടം നീക്കിയത്.
വിമാന അപകടം അന്വേഷിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ച് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതി തലവന്‍. വിമാന സര്‍വീസിനായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമിതി ശിപാര്‍ശ ചെയ്യും. വ്യോമയാന മന്ത്രാലയ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിലെ അഡിഷണല്‍ സെക്രട്ടറി അല്ലെങ്കില്‍ ഒരു ജോയ്ന്റ് സെക്രട്ടറി, ഗുജറാത്തിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍, സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രതിനിധികള്‍, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ എന്നിവര്‍ ഈ സമിതിയില്‍ ഉണ്ടായിരിക്കും.
