KeralaTop News

വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതക്കെതിരെ മോശം പരാമർശം; എ പവിത്രനെതിരെ വ്യാപക പ്രതിഷേധം; വീട്ടിൽ പ്രതിഷേധിച്ച് ബിജെപി, വാ മൂടിക്കെട്ടി പ്രതിഷേധിച്ച് വനിതാ ലീഗ്

Spread the love

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ തിരുവല്ല സ്വദേശിനിയായ നഴ്‌സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെതിരെ വ്യാപക പ്രതിഷേധം. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്, പവിത്രന്റെ വീട് എന്നിവിടങ്ങളിലേക്ക് ബിജെപി മാർച്ച് നടത്തി. ഹോസ്ദുർഗ് സിവിൽ സ്റ്റേഷന് മുന്നിൽ വനിതാ ലീഗ് വാ മൂടിക്കെട്ടി പ്രതിഷേധിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

അതേസമയം വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെ അറസ്റ്റ് ചെയ്‌തു. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രഭാകരന്‍ നായര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പവിത്രനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. BNS 196, 75,79,67(A) IT Act എന്നീ വകുപ്പുകള്‍ ചുമത്തി. പ്രതി ഓഫിസില്‍ എത്തിയത് മദ്യപിച്ചിട്ടെന്നും പൊലീസ് വ്യക്തമാക്കി. വൈദ്യ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവര്‍ക്കുള്ള അനുശോചന പോസ്റ്റിനു താഴെയാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ചുമതല വഹിക്കുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്റെ മോശം പരാമര്‍ശം. അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയെ അപകീര്‍ത്തിപെടുത്തും വിധം ആയിരുന്നു പവിത്രന്റെ കമന്റ്.

കമന്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് തയ്യാറായത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്റെത് ഹീനമായ പ്രവൃത്തി എന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കര്‍ശനമായ നടപടിയെന്നും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ എ പവിത്രനെ ചുമതലയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.