നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 15000-20000 വരെ ഭൂരിപക്ഷം ഉണ്ടാകുമെന്ന വിലയിരുത്തലിൽ യുഡിഎഫ് ക്യാമ്പ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണം മികച്ച നിലയിൽ എന്ന് യുഡിഎഫ് യോഗത്തിൽ വിലയിരുത്തൽ. ബൂത്ത് തലങ്ങളിൽ 5 ഇടങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനം. ഇവിടങ്ങളിൽ പുതിയ നേതാകൾക്ക് ചുമതല നൽകി. 15000-20000 വരെ ഭൂരിപക്ഷം ഉണ്ടാകുമെന്ന വിലയിരുത്തലിൽ യുഡിഎഫ് ക്യാമ്പ്.
അതേസമയം നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക്. ഇന്ന് മുതൽ എം സ്വരാജിനെതിരെ പ്രചാരണത്തിന് ആശ വർക്കർമാരും രംഗത്തുണ്ട്. രാവിലെ പത്തിന് ചന്തക്കുന്നിൽ നിന്ന് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലേക്ക് പ്രകടനം നടത്തും. ഗൃഹ സന്ദർശനം നടത്തി പ്രചാരണം തുടങ്ങും. നഗരസഭ പരിധിയിലാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ പ്രചാരണം. വൈകീട്ട് മൂന്നിന് നിലമ്പൂർ ടൗണിൽ മഹാ വിദ്യാർത്ഥി റാലി സംഘടിപ്പിക്കും. ഏഴ് മന്ത്രിമാർ മണ്ഡലത്തിലുണ്ട്.
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് കരുളായി പഞ്ചായത്തിലും മരുതയിലും പ്രചാരണത്തിനിറങ്ങും. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിലുണ്ട്. എടക്കര, വഴിക്കടവ് പഞ്ചായത്തുകളിലാണ് എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിൻ്റെ പര്യടനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലുണ്ട്. പതിവു പോലെ പ്രധാന നേതാക്കളെയും വോട്ടർമാരെയും നേരിൽ കണ്ടാണ് പിവി അൻവറിൻ്റെ നീക്കങ്ങൾ.
