അഹമ്മദാബാദിലെ ആകാശ ദുരന്തം; കവർ ചിത്രം മാറ്റി എയർ ഇന്ത്യ; ഹൃദയ ഭേദകമെന്ന് രാഷ്ട്രപതി
അഹമ്മദാബാദിലെ വിമാനാപകടത്തിൽ മരണം 242 ആയി. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദുഃഖം രേഖപ്പെടുത്തി. ഹൃദയഭേദകമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുകയാണ്. ഈ സമയത്ത് രാഷ്ട്രം അവർക്കൊപ്പം നിൽക്കുന്നു. രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ഇതിനിടെ ദുഃഖത്തിൽ പങ്കുചേർന്ന് എയർ ഇന്ത്യ സാമൂഹ്യ മാധ്യമങ്ങളിൽ അവരുടെ കവർ ചിത്രം കറുപ്പ് നിറമാക്കി.
242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് തകർന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ആകാശ ദുരന്തമായി ഇതോടെ അഹമ്മദാബാദ് വിമാന അപകടം. പരിചയ സമ്പന്നരായ പൈലറ്റുമാർ ഓടിച്ച വിമാനമാണ് തകർന്നു വീണത്. 11 വർഷം പഴക്കമുള്ള AI 171 വിമാനം എയർ ഇന്ത്യയുടെ ഭാഗമായത് 2014 ൽ ആണ്. ഇതിന് മുൻപും വിമാനത്തിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തിരുന്നു.
ഹോസ്റ്റലിൽ വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടം ഉണ്ടായത്. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു. എന്നാൽ വിദ്യാർഥികളിൽ ആർക്കും ഇതുവരെ ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് സ്ഥിരീകരണം. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തെ സഹായിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് ടാറ്റാ ചെയർമാൻ പ്രതികരിച്ചു. വിവരങ്ങൾ ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം വിവരംപങ്കുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ പട്ടികയില്‍ ഒരു മലയാളിയും ഉണ്ട്.പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. എട്ട് കുട്ടികള്‍ അടക്കം 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാന തകർന്നു വീണ സ്ഥലത്ത് കത്തിയമർന്ന മൃതദേഹങ്ങൾ കണ്ടെത്തി.
