NationalTop News

എയര്‍ ഇന്ത്യ വിമാനം ഇടിച്ചുകയറി; ബിജെ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു

Spread the love

എയര്‍ ഇന്ത്യ വിമാനം ഇടിച്ചുകയറി അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. നാല് ഡിഗ്രി വിദ്യാര്‍ഥിയും ഒരു പിജി വിദ്യാര്‍ഥിയുമാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ക്യാന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് മരിച്ചത്. കെട്ടിടം ഭാഗികമായി തകര്‍ന്നിട്ടുമുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ഹോസ്റ്റലിന് ഉള്ളിലായിരുന്നു.

242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനമാണ് തകര്‍ന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകര്‍ന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ആകാശ ദുരന്തമായി ഇതോടെ അഹമ്മദാബാദ് വിമാന അപകടം. പരിചയ സമ്പന്നരായ പൈലറ്റുമാര്‍ ഓടിച്ച വിമാനമാണ് തകര്‍ന്നു വീണത്. 11 വര്‍ഷം പഴക്കമുള്ള AI 171 വിമാനം എയര്‍ ഇന്ത്യയുടെ ഭാഗമായത് 2014 ല്‍ ആണ്. ഇതിന് മുന്‍പും വിമാനത്തില്‍ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ പട്ടികയില്‍ ഒരു മലയാളിയും ഉണ്ട്.പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് രഞ്ജിത. എട്ട് കുട്ടികള്‍ അടക്കം 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാന തകര്‍ന്നു വീണ സ്ഥലത്ത് കത്തിയമര്‍ന്ന മൃതദേഹങ്ങള്‍ കണ്ടെത്തി.