ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആം ആദ്മി പാർട്ടി
ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി. ബീഹാറിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. കോൺഗ്രസ് ഉൾപ്പടെ ഒരു പാർട്ടിയുമായും സഖ്യം ഉണ്ടാകില്ലെന്ന് ആം ആദ്മി പാർട്ടി ഡൽഹി വക്താവ് അറിയിച്ചു. ബീഹാറിലെ എല്ലാ സീറ്റിലും പാർട്ടി മത്സരിക്കും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്നു ആം ആദ്മി പാർട്ടി. അതിന് ശേഷം കാര്യമായ ഒരു യോഗം പോലും നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് ഏതാണ് പാർട്ടി നിർബന്ധിതരായത്.
ബീഹാറിൽ മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പാർട്ടി ആരംഭിച്ചതായി ആം ആദ്മി പാർട്ടി ജോയിന്റ് സെക്രട്ടറി മനോരഞ്ജൻ സിംഗ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടി കൺവീനർ സൗരഭ് ഭരദ്വാജ് ഒരാളുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയത്. ആം ആദ്മി പാർട്ടിയുടെ ഭരണകാലത്ത് ദേശീയ തലസ്ഥാനത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ബീഹാറിലെ ജനങ്ങൾ കണ്ടിട്ടുണ്ട്. ബീഹാറിലും സമാനമായ വികസനം ഞങ്ങൾ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആം ആദ്മി പാർട്ടിയുടെ തീരുമാനത്തോട് കോണ്‍ഗ്രസും ആര്‍ജെഡിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യാ സഖ്യത്തിനൊപ്പമില്ലെന്ന് നേരത്തെ തന്നെ ആം ആദ്മി പ്രഖ്യാപിച്ചിരുന്നു.
