KeralaTop News

വയനാട് വൃന്ദാവന്‍ ഗവ. LP സ്‌കൂളിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഉടന്‍ മാറ്റണം; ജില്ലാ കളക്ടര്‍ക്ക് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

Spread the love

വയനാട് സുഗന്ധഗിരി വൃന്ദാവന്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ക്ലാസ് മുറി പ്രാഥമികാരോഗ്യ കേന്ദ്രമാക്കി മാറ്റിയ സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

പ്രാഥമികാരോഗ്യ കേന്ദ്രം മറ്റൊരു സ്ഥലത്തേക്ക് ഉടൻ മാറ്റാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ച് മന്ത്രി വിശദമായ അന്വേഷിച്ചു. സ്കൂളും ഹെൽത്ത് സെൻററും ഒരുമിച്ചുള്ളത് ഏറെ പ്രയാസമുള്ള കാര്യമാണ്. ആരോഗ്യകേന്ദ്രം മാറ്റുന്നതുവരെ എൽ പി സ്കൂളിന് അവധി കൊടുക്കണമെങ്കിൽ ആ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഡിഡിഇയ്ക്ക് നിർദേശം നൽകിയതായും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പകര്‍ച്ചവ്യാധി സാധ്യതയുള്ള ഈ കാലവര്‍ഷക്കാലത്ത്, ചെറിയ കുട്ടികള്‍ പഠിക്കുന്ന ക്ലാസ് മുറിയിലൊരു പ്രാഥമികാരോഗ്യകേന്ദ്രം. സ്‌കൂളിലെ ശുചിമുറി ഉള്‍പ്പെടെ പിഎച്ച്‌സിയിലെത്തുന്ന രോഗികള്‍ ഉപയോഗിക്കുന്നു. സ്‌കൂള്‍ തുറന്നിട്ടും ആരോഗ്യകേന്ദ്രം മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകാതിന്റെ ആശങ്ക രക്ഷിതാക്കൾക്കടക്കം ഉണ്ടായിരുന്നു.

കഴിഞ്ഞ 27 മുതലാണ് പൊഴുതന പഞ്ചായത്തിന് കീഴിലുള്ള പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തനം സ്കൂളിലേക്ക് മാറ്റിയത്. സ്കൂള്‍ തുറന്നിട്ടും ആരോഗ്യകേന്ദ്രം മാറ്റാൻ തയാറായില്ല. ഒന്ന് മുതല്‍ 4 വരെയുള്ള ക്ലാസുകളിലെ എല്ലാകുട്ടികളെയും പഠിപ്പിക്കുന്നത് ഒരുമിച്ചിരുത്തിയാണ്.

ഒരുഭാഗത്ത് ചികിത്സയ്ക്കായി ആളുകള്‍ എത്തുമ്പോള്‍ മറുഭാഗത്ത് ക്ലാസ് നടക്കുന്ന സാഹചര്യം. പല അസുഖങ്ങളുമായി വരുന്നവർ. നേരത്തെ പിഎച്ച്‌സി കെട്ടിടമുണ്ടായിരുന്നത് പൊളിച്ചുമാറ്റിയിരുന്നു. പുതിയ കെട്ടിട നിര്‍മാണത്തിന് കരാറായിട്ടുണ്ട്. ഒരു വീട്ടിലാണ് താത്കാലികമായി പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആ വീടിന് സമീപം കഴിഞ്ഞ മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. തുടര്‍ന്നാണ് രേഖാമൂലം അറിയിപ്പ് പോലും നല്‍കാതെയാണ് സ്‌കൂളിലേക്ക് മാറ്റുന്നത്. സ്‌കൂളിലെ ക്ലാസ് മുറിയാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ക്ലാസ് മുറിയില്‍ ഒന്ന് മുതല്‍ നാല് വരെയുള്ള കുട്ടികളെ ഒരുമിച്ചിരുത്തിയാണിപ്പോള്‍ പഠനം നടത്തുന്നത്.

അതേസമയം, സ്കൂൾ ആരോഗ്യ കേന്ദ്രമാക്കി പ്രവർത്തിപ്പിച്ചതിൽ അന്വേഷണം നടത്തുമെന്ന് പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. സ്കൂൾ ആരോഗ്യ കേന്ദ്ര പ്രവർത്തിക്കാൻ പാടില്ല. സ്കൂൾ സ്കൂളായും ആരോഗ്യ കേന്ദ്രം ആരോഗ്യ കേന്ദ്രമായി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.