വെൽഫയർ പാർട്ടിയുടേത് നിരുപാധിക പിന്തുണ; CPIM ഏതെല്ലാം പാർട്ടിയുടെ പിന്തുണ നേടിയിട്ടുണ്ടെന്ന് ആദ്യം വ്യക്തമാക്കട്ടെ, സണ്ണി ജോസഫ്
ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയായ വെൽഫെയർ പാർട്ടി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വെൽഫയർ പാർട്ടിയുടേത് നിരുപാധിക പിന്തുണയാണ്. സിപിഐഎം ഏതെല്ലാം പാർട്ടിയുടെ പിന്തുണ വാങ്ങിയിട്ടുണ്ട്. ആദ്യം അവർ അത് വ്യക്തമാക്കട്ടെ. എന്നിട്ട് യുഡിഎഫിന്റെ കാര്യം അന്വേഷിക്ക്. കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ മുതലാളിമാരെ സഹായിക്കുന്ന സർക്കാർ നിലപാടിനെതിരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ഇനി നിലമ്പൂർ പോരാട്ടത്തിന് വെറും പത്ത് നാൾ കൂടി ബാക്കി നിൽക്കേ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് പ്രചാരണായുധം ആക്കുകയാണ് സിപിഐഎം . എല്ലാ വർഗീയവാദികളെയും യുഡിഎഫ് കൂട്ടുപിടിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
മുസ്ലിംലീഗിനും കോൺഗ്രസിനും എതിരെ വിമർശനവുമായി എ.പി വിഭാഗം വിദ്യാർഥി സംഘടന എസ് എസ് എഫിന്റെ മുഖവാരിക രിസാലയും രംഗത്തെത്തി. ഇത്തരം ഘട്ടങ്ങളിൽ ചേരേണ്ടവർ തമ്മിൽ തന്നെയാണ് ചേരുക എന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. പിന്തുണയുടെ കാര്യം നേതൃത്വം പറയുമെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം.
