KeralaTop News

മുള്ളന്‍കൊല്ലിയില്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് സ്വകാര്യ വ്യക്തിയുടെ നോട്ടീസ്; ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രദേശവാസികള്‍

Spread the love

വയനാട് മുള്ളന്‍കൊല്ലിയില്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് സ്വകാര്യവ്യക്തിയുടെ നോട്ടീസ്. 33 കവല, 80 ഏക്കര്‍ പ്രദേശവാസികള്‍ക്കാണ് കുടിയിറക്ക് ഭീഷണിയുള്ള വക്കീല്‍നോട്ടീസ് ലഭിച്ചത്. മൈസൂരു സ്വദേശി എംഎസ് പൂര്‍ണിമയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് നോട്ടീസ് അയച്ചത്. തന്റെ മുത്തച്ഛന്‍ സിദ്ധയ്യയുടെ സ്ഥലമാണ് ഇത് എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പെരിക്കല്ലൂരിലെ 170 കുടുംബങ്ങള്‍ക്കാണ് വക്കീല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ പട്ടയം അനുവദിച്ച ഭൂമിയുടെ മുകളിലാണ് ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടുള്ളത്. സ്ഥലം വിലയ്ക്ക് വാങ്ങിയവര്‍ക്കും നോട്ടീസ് ലഭിച്ചു. വിഷയം നിയമപരമായി നേരിടാന്‍ പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഈ കുടുംബങ്ങളുടെ ആവശ്യം.

ഭൂമി കൈമാറുകയോ അല്ലെങ്കില്‍ മതിപ്പ് വില നല്‍കുകയോ ചെയ്യണമെന്ന് മൈസൂര്‍ സ്വദേശി അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. പുല്‍പ്പള്ളി വില്ലേജിലെ പഴയ സര്‍വേ നമ്പര്‍ 52/1എ1എ4എ എന്ന 82 ഏക്കറിന് മേലാണ് അവകാശവാദം. 1972 വരെ ഭൂനികുതി അടച്ചിരുന്നു എന്ന് ഈ വ്യക്തി അവകാശപ്പെടുന്നു. ചിലര്‍ കയ്യേറി താമസിച്ചതായും അനധികൃത പട്ടയം നേടിയതായും നോട്ടീസില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. തര്‍ക്ക ഭൂമിയായതിനാല്‍ നികുതി സ്വീകരിക്കരുത് എന്നുള്‍പ്പെടെയാണ് ഈ വ്യക്തിയുടെ ആവശ്യം. തര്‍ക്ക ഭൂമിയില്‍ ഉള്‍പ്പെടാത്ത 33 കവലക്കാര്‍ക്കും നോട്ടീസ് ലഭിച്ചു. 1970-1975 കാലത്ത് ബത്തേരി ലാന്‍ഡ് ട്രിബ്യൂണലില്‍നിന്ന് പട്ടയം ലഭിച്ചവര്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.