‘നിയമവിരുദ്ധ കുടിയേറ്റവും വീസ ദുരുപയോഗവും അനുവദിക്കില്ല’; ഇന്ത്യൻ വിദ്യാർഥിയെ വിലങ്ങണിയിച്ച സംഭവത്തിൽ US എംബസി
അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈവിലങ്ങിട്ട് തറയിൽ കിടത്തിയതിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. അനധികൃത കുടിയേറ്റത്തിനെതിരായ അമേരിക്കയുടെ നിലപാടിൽ മാറ്റമില്ല. നിയമാനുസൃതമായി ആർക്കും അമേരിക്കയിലേക്ക് വരാമെന്നും യുഎസ് എംബസി. നിയമവിരുദ്ധ കുടിയേറ്റവും വീസ ദുരുപയോഗവും അനുവദിക്കില്ലെന്ന് എംബസി വ്യക്തമാക്കി.
അമേരിക്കയിലെ വിമാനത്താവളത്തിൽ പൊലീസുകാർ ബലം പ്രയോഗിച്ച് ഇന്ത്യൻ വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ന്യൂജേഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. . രണ്ട് പൊലീസുകാർ കാൽമുട്ട് യുവാവിന്റെ ശരീരത്തിൽ വെച്ച് അമർത്തിപ്പിടിച്ചിരിക്കുന്നതും കാണാം. തുടർന്ന് യുവാവിന്റെ കൈകളും കാലുകളും ബന്ധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷവിമർശനവും ഉയർന്നിരുന്നു.
ഡോണൾഡ് ട്രംപ് അമേരിക്കയിൽ അധികാരത്തിൽ വന്നതിനെ പിന്നാലെ അനധികൃത കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടിയാണ് സ്വീകരിച്ചിരുന്നത്. വിവിധ രാജ്യങ്ങളിൽ അമേരിക്കയിൽ അനധികൃതമായി കുടിയേറിയവരെ മടക്കി അയച്ചിരുന്നു. നടപടിയുടെ ഭാഗമായി 100-ലധികം ഇന്ത്യക്കാരെ തിരിച്ചയച്ചിരുന്നു..
