KeralaTop News

‘പൊലീസ് അന്വേഷണം ശരിയായ ദിശയിൽ, തനിക്ക് തെരഞ്ഞെടുപ്പ് താൽപര്യങ്ങൾ ഇല്ല’; ജി കൃഷ്ണകുമാർ

Spread the love

മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതികളിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. തനിക്ക് തെരഞ്ഞെടുപ്പ് താൽപര്യങ്ങൾ ഇല്ലെന്നും അങ്ങനെ കരുതി തനിക്കെതിരെ ആരെങ്കിലും നിൽക്കുന്നുവെങ്കിൽ അത് വേണ്ടെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ നിന്നടക്കം പിന്തുണ ലഭിച്ചുവെന്ന് ദിയാ കൃഷ്ണയും പറഞ്ഞു.

പൊലീസ് അന്വേഷിക്കുന്ന രീതിയോട് യോജിപ്പുണ്ട്. ആദ്യം അവരുടെ പരാതി അന്വേഷിക്കണമെന്ന് പൊലീസിന് തോന്നിയിരിക്കാം. അതിൽ തെറ്റ് പറയാൻ കഴിയില്ല. കാരണം തങ്ങൾ കൊടുത്ത കേസ് സാമ്പത്തിക ക്രമക്കേടും അവർ കൊടുത്തത് ബലാത്സംഗവും തട്ടിക്കൊണ്ടു പോകലും ഒക്കെയാണ്. നേരത്തെ ഇക്കാര്യങ്ങളൊക്കെ പോലീസിന്റെ കയ്യിൽ ഉണ്ടായിരുന്നു.അന്നേ അത് പുറത്തുവന്നിരുന്നെങ്കിൽ വേട്ടയാടപെടില്ലായിരുന്നു. തങ്ങൾക്ക് ഈ അനുഭവം ഉണ്ടായെങ്കിൽ സാധാരണക്കാർക്ക് ഇത്തരത്തിൽ അനുഭവം വന്നാൽ എന്താണ് സ്ഥിതി. ഉദ്യോഗസ്ഥർ ഒട്ടും ഏകപക്ഷീയമാകരുത്. ചിന്തിച്ച് നല്ല മനസ്സോടെ നീതി കൊടുക്കണം. തനിക്ക് തെരഞ്ഞെടുപ്പ് താൽപര്യങ്ങൾ ഇല്ല. അങ്ങനെ കരുതി ആരെങ്കിലും തനിക്കെതിരെ നിൽക്കുന്നുണ്ടെങ്കിൽ അതുവേണ്ടെന്നും ജി കൃഷ്ണകുമാർ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ തങ്ങൾക്ക് പിന്തുണ ലഭിച്ചുവെന്ന് ദിയാ കൃഷ്ണയും പ്രതികരിച്ചു. കേരളത്തിൽ ഉള്ളവർ പഠിപ്പുള്ളവരും ബുദ്ധിയുള്ളവരും ആണെന്ന് തെളിയിച്ചു. തനിക്കെതിരെ സാധാരണ പറയുന്നവർ പോലും ഇതിൽ ശരിക്കൊപ്പം നിന്നു. ഗർഭിണിയായിരിക്കുന്ന തനിക്ക് ലഭിച്ച പിന്തുണ വലുതായിരുന്നു.പൊലീസും സത്യത്തിനൊപ്പം നീങ്ങുന്നുവെന്നും ദിയ പ്രതികരിച്ചു.