KeralaTop News

‘വന്യജീവി പ്രശ്നത്തിലെ കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാനാകാത്തത്’; എ കെ ശശീന്ദ്രൻ

Spread the love

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി മന്ത്രി എ കെ ശശീന്ദ്രൻ. കേരളത്തിലെ പ്രതിപക്ഷം പറയുന്നത് കേന്ദ്രമന്ത്രി ഏറ്റുപറയുകയാണെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം ചട്ടങ്ങളിൽ ഇളവ് വരുത്തുകയാണ് വേണ്ടതെന്നും എ കെ ശശീന്ദ്രൻ പ്രതികരിച്ചു.

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൻ്റെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. 1972 ലെ കേന്ദ്ര നിയമത്തിലെ ചട്ടങ്ങൾ പ്രകാരമേ സംസ്ഥാനത്തിന് പ്രവർത്തിക്കാൻ കഴിയൂ. ഇതിൽ ഭേദഗതി വരുത്താതെ സംസ്ഥാന സർക്കാരിനെയും വനം വകുപ്പിനെയും പ്രതിസ്ഥാനത്ത് നിർത്തുകയാണ് കേന്ദ്രമെന്നും നീക്കത്തിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര നിർദേശം പാലിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണ്. അത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. അപഹാസ്യമായ ഉപാധികളാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നതെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. പന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയത് പ്രതിഷേധാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.